ന്യൂഡല്‍ഹി: കോവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ഉടനടി പിഴ ചുമത്താന്‍ വിമാനത്താവളങ്ങളോട് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി ജി സി എ) ആവശ്യപ്പെട്ടു. യാത്രക്കാർ മാസ്ക്ക് ധരിക്കാതിരിക്കുന്നത് ഉൾപ്പടെയുള്ള ലംഘനങ്ങള്‍ നിരീക്ഷിക്കാനും സ്പോട്ട് ഫൈന്‍ സാധ്യതകളെക്കുറിച്ച് അന്വേഷിക്കാനുമാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. മാര്‍ച്ച് 15നും 23നും ഇടയില്‍ മൂന്ന് വിമാന കമ്പനികളുടെ ആഭ്യന്തര വിമാനങ്ങളില്‍ കോവിഡ് 19 മാനദണ്ഡങ്ങള്‍ യാത്രക്കാര്‍ ലംഘിച്ചത് കണ്ടെത്തിയിരുന്നു. ഇതിനേ തുടര്‍ന്ന് 15 യാത്രക്കാര്‍ക്ക് മൂന്ന് മാസത്തേക്ക് യാത്രകള്‍ വിലക്കിയിരുന്നു.
രാജ്യത്തുടനീളം കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കോവിഡ് വൈറസ് വ്യാപനം തടയുന്നതിനായി നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി വിമാനത്താവളങ്ങള്‍ക്ക് കര്‍ശനമായി എസ് ഒ പി നല്‍കിയിട്ടുണ്ട്. എന്നാല്‍ ചില വിമാനത്താവളങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ തൃപ്തികരമല്ലെന്നും ഡി ജി സി എ നിര്‍ദേശത്തില്‍ പറയുന്നു.
‘വിമാനത്താവളങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങളുടെ നിരീക്ഷണ സമയത്ത് ചില വിമാനത്താവളങ്ങള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നത് തൃപിതികരമല്ലെന്ന് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. എല്ലാ എയര്‍പോര്‍ട്ടുകളിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താനും ശരിയായി മാസ്ക് ധരിക്കക, എയര്‍പോര്‍ട്ട് പരിസരത്ത് സമൂഹിക അകലം പാലിക്കുക എന്നിവ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താനും ഡി ജി സി എ ഉത്തരവില്‍ പറയുന്നു.
എയര്‍പോര്‍ട്ട് ഓപ്പറേറ്റര്‍മാരോട് നിരീക്ഷണം വര്‍ധിപ്പിക്കാനും വിമാനത്താവളങ്ങളിലെ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ഏതെങ്കിലും തരത്തിലുള്ള ശിക്ഷാ നടപടികള്‍ സ്വീകരിക്കാനും ഡി ജി സി എ ആവശ്യപ്പെട്ടു. ലോക്കല്‍ പൊലീസിന്റെയും അധികാരികളുടെയും സഹായത്തോടെ നിയമപ്രകാരം സ്പോട്ട് ഫൈന്‍ ഏര്‍പ്പെടുത്താനും നിര്‍ദേശിച്ചു. ഇത്തരത്തിലുള്ള നടപടികള്‍ വിമാനത്താവളങ്ങളിലെ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം കുറയ്ക്കാന്‍ സഹാകരമാകുമെന്നാണ് കരുതുന്നതെന്നും ഉത്തരവില്‍ പറുന്നു.
കോവിഡ് മാനദണ്ഡങ്ങള്‍ നടപ്പാക്കാനും കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കാനും നേരത്തെ വിമാനത്താവളങ്ങളോട് ഡി ജി സി എ ആവശ്യപ്പെട്ടിരുന്നു. ഏറ്റവും പുതിയ നിയമപ്രകാരം കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ വിസമ്മതിച്ചാല്‍ അവരെ എയര്‍പോര്‍ട്ട് സെക്യൂരിറ്റിക്ക് കൈമറാന്‍ കഴിയുന്നതാണ്. അച്ചടക്കമില്ലാത്ത യാത്രക്കാരെ നോ-ഫ്ളയര്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി നടപടിയെടുക്കാനും വിമാനക്കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കേരളത്തില്‍ ഇന്ന് 2389 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 325, എറണാകുളം 283, മലപ്പുറം 250, കണ്ണൂര്‍ 248, തിരുവനന്തപുരം 225, തൃശൂര്‍ 208, കോട്ടയം 190, കൊല്ലം 171, ഇടുക്കി 95, പാലക്കാട് 91, ആലപ്പുഴ 83, കാസര്‍ഗോഡ് 80, വയനാട് 78, പത്തനംതിട്ട 62 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. സൗത്ത് ആഫ്രിക്കയില്‍ നിന്നും വന്ന 2 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്19 സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (103), സൗത്ത് ആഫ്രിക്ക (7), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 111 പേര്‍ക്കാണ് ഇതുവരെ കോവിഡ്19 സ്ഥിരീകരിച്ചത്. ഇവരില്‍ 104 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 58,557 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.08 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,31,09,437 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 16 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4606 ആയി.