ദോഹ : ലഹരിമരുന്നു കടത്തു കേസില്‍ ശിക്ഷിക്കപ്പെട്ടു ഖത്തര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞിരുന്ന മുംബൈ സ്വദേശികളായ ദമ്പതികളെ ഖത്തര്‍ അപ്പീല്‍ കോടതി വെറുതെ വിട്ടു. ഒന്നര വര്‍ഷത്തിലധികമായി തുടരുന്ന നിയമപോരാട്ടങ്ങള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും ഒടുവിലാണു മോചനം.
ഇന്നു രാവിലെയാണു ദമ്പതികളെ വെറുതെവിട്ടു കൊണ്ട് അപ്പീല്‍ കോടതി വിധി പ്രഖ്യാപിച്ചത്. വിധിയുടെ പകര്‍പ്പ് ലഭിക്കുമ്പോള്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുകയുള്ളു. ഒരിക്കല്‍ ശിക്ഷാവിധി പ്രഖ്യാപിച്ച് ഒരു വര്‍ഷത്തിനു ശേഷം കേസ് പുനരവലോകനം നടത്തി അപ്പീല്‍ കോടതി വീണ്ടുമൊരു വിധി പ്രഖ്യാപിക്കുന്നത് ഖത്തറിലെ കോടതികളുടെ ചരിത്രത്തിലെ അപൂര്‍വ നടപടികളിലൊന്നാണ്. ദമ്പതികളുടെ നിരപരാധിത്വം തെളിയിക്കുന്നതിനായി ഇന്ത്യന്‍ എംബസി അധികൃതരും ദോഹയിലെ ലീഗല്‍ കണ്‍സല്‍റ്റന്റായ നിസാര്‍ കോച്ചേരിയും നടത്തിയ പരിശ്രമങ്ങളും കുടുംബങ്ങളുടെ കണ്ണീരില്‍ കുതിര്‍ന്ന പ്രാർഥനകളുമാണു മോചനത്തിലേക്ക് നയിച്ചത്. സ്വദേശി അഭിഭാഷകനായ അബ്ദുല്ല ഇസ അല്‍ അന്‍സാരിയാണ് കോടതിയില്‍ ദമ്പതികള്‍ക്കായി ഹാജരായത്.
നിരപരാധികളെന്നു കാണിച്ചു ദമ്പതികള്‍ നല്കിയ ഹര്‍ജി പരിഗണിച്ചു കൊണ്ടു കേസ് വീണ്ടും പരിഗണിക്കാന്‍ ഇക്കഴിഞ്ഞ ജനുവരിയില്‍ സുപ്രീം കോടതിയാണു അപ്പീല്‍ കോടതിക്ക് നിര്‍ദേശം നല്‍കിയത്. ദമ്പതികളുടെ കുടുംബങ്ങള്‍ മുംബൈയില്‍ നല്കിയ കേസില്‍ നര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ നടത്തിയ അന്വേഷണ വിവരങ്ങളും കേസിന്റെ രേഖകളുമെല്ലാം ഹര്‍ജിക്കൊപ്പം സമര്‍പ്പിച്ചിരുന്നു. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ ശിക്ഷിക്കപ്പെട്ട് ഖത്തറിലെ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞിരുന്ന ദമ്പതികളുടെ നിരപരാധിത്വം തെളിയിക്കാന്‍ ഇന്ത്യന്‍ എംബസി നടത്തിയ ഇടപെടലിനെ തുടര്‍ന്നു കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഖത്തര്‍ പബ്ലിക് പ്രോസിക്യൂഷന് ദമ്പതികളുമായി കൂടിക്കാഴ്ച നടത്തി വിവരങ്ങള്‍ തേടിയിരുന്നു.
2019 ജൂലൈയില്‍ ബന്ധുവായ സ്ത്രീയുടെ നിര്‍ബന്ധപ്രകാരമാണു ദമ്പതികളായ മുഹമ്മദ് ഷെറീഖും ഒനിബയും മധുവിധു ആഘോഷിക്കാനായി ദോഹയിലെത്തിയത്. ഗര്‍ഭിണിയായിരിക്കെയാണ് ഒനിബയെ ബന്ധു നിര്‍ബന്ധിച്ച് മധുവിധുവിനായി ദോഹയിലേയ്ക്ക് അയച്ചത്.ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ വന്നിറങ്ങവേ കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് ദമ്പതികളുടെ ബാഗില്‍ നിന്ന് 4 കിലോ ഹാഷിഷ് കണ്ടെത്തിയത്. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ കുറ്റക്കാരാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് കീഴ്ക്കോടതി ഇരുവര്‍ക്കും 10 വര്‍ഷം വീതം തടവും 3 ലക്ഷം റിയാല്‍ വീതം പിഴയും വിധിച്ചത്. സെന്‍ട്രല്‍ ജയിലില്‍ കഴിയവെ ഒനിബ പെണ്‍കുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു.