ജോയ്സ് സ്ത്രീവിരുദ്ധ പരാമർശം നടത്തിയിട്ടില്ലെന്ന് എം എം മണി പറഞ്ഞു.
ഇടുക്കി: രാഹുൽ ഗാന്ധിക്ക് എതിരെയും സെന്റ് തെരേസാസ് കോളേജിലെ വിദ്യാർഥിനികൾക്ക് എതിരെയും മോശം പരാമർശം നടത്തിയ ഇടുക്കി മുൻ എം പി ജോയ്സ് ജോർജിന് പിന്തുണയുമായി എം എം മണി. ജോയ്സ് സ്ത്രീവിരുദ്ധ പരാമർശം നടത്തിയിട്ടില്ലെന്ന് എം എം മണി പറഞ്ഞു. രാഹുലിനെ വിമർശിക്കുക മാത്രമാണ് ഉണ്ടായത്. താനും ആ വേദിയിൽ ഉണ്ടായിരുന്നു. കോൺഗ്രസ് അനാവശ്യ വിവാദം ഉണ്ടാക്കി വോട്ട് പിടിക്കാൻ ശ്രമിക്കുകയാണെന്നും എം എം മണി പറഞ്ഞു.
ഉടുമ്പൻചോല നിയോജക മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർഥി എം എം മണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇരട്ടയാറിലെ പൊതുയോഗത്തിൽ സംസാരിക്കവെയാണ് രാഹുൽ ഗാന്ധിക്ക് എതിരെ ജോയ്സ് ജോർജ് മോശം പരാമർശങ്ങൾ നടത്തിയത്. രാഹുൽ ഗാന്ധിയുടെ അടുത്ത് വളഞ്ഞും കുനിഞ്ഞും ഒന്നും നിൽക്കരുതെന്നും അയാൾ കല്യാണം കഴിച്ചിട്ടില്ല എന്നുമായിരുന്നു ഇടുക്കി മുൻ എംപിയായ ജോയ്സ് ജോർജ്
ഇരട്ടയാറിലെ എം എം മണിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ വേദിയിലായിരുന്നു വിവാദ പ്രസംഗം.മന്ത്രി എം എം മണി ഉൾപ്പെടെയുള്ളവരും വിവാദ പരാമർശങ്ങൾ നടത്തുമ്പോൾ വേദിയിൽ ഉണ്ടായിരുന്നു.
എറണാകുളം സെന്റ് തെരേസാസ് കോളജ് വിദ്യാർഥികളെ ഐക്കിഡോ പരിശീലിപ്പിച്ചതിനെയാണ് ജോയ്സ് ജോർജ് പരിഹസിച്ചത്.
‘പെൺകുട്ടികളുള്ള കോളേജിൽ മാത്രമേ പോകുവൊള്ളു. അവിടെ ചെന്നിട്ട് പെമ്പിള്ളാരെ വളഞ്ഞു നിൽക്കാനും നിവർന്നു നിൽക്കാനും ഒക്കെ പഠിപ്പിക്കും. എന്റെ പൊന്നു മക്കളേ രാഹുൽ ഗാന്ധിയുടെ മുന്നിൽ വളയാനും കുനിയാനും ഒന്നു പോയേക്കല്ല്. അദ്ദേഹം പെണ്ണൊന്നും കെട്ടിയിട്ടില്ല. അപ്പോ, അതുകൊണ്ട് അതൊക്കെ ശ്രദ്ധിക്കണം. അല്ല, ഇതൊക്കെയാണ് പുള്ളിയുടെ പരിപാടി. ഇങ്ങനത്തെ പരിപാടിയായിട്ട് ഈ പുള്ളി നടക്കുവാ’ – ഇതായിരുന്നു രാഹുൽ ഗാന്ധിയെയും വിദ്യാർത്ഥിനികളെയും അപമാനിച്ച് ജോയ്സ് ജോർജ് പറഞ്ഞത്.
എറണാകുളം സെന്റ് തെരേസാസ് കോളേജിൽ രാഹുൽ ഗാന്ധി എത്തിയപ്പോൾ സദസിൽ ഉണ്ടായിരുന്ന ഒരു വിദ്യാർഥി ഐക്കിഡോയുടെ അടിസ്ഥാന തത്വങ്ങൾ പഠിപ്പിച്ചു നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ജാപ്പനീസ് ആയോധന കലയാണ് ഐക്കിഡോ. ഐക്കിഡോയിൽ ബ്ലാക്ക് ബെൽറ്റ് നേടിയിട്ടുണ്ട് രാഹുൽ ഗാന്ധി. ഇത് പഠിപ്പിച്ചു നൽകണമെന്ന് ഒരു വിദ്യാർഥിനി ആവശ്യപ്പെട്ടതിനെ തുടർന്ന് രാഹുൽ ഗാന്ധി അതിന് തയ്യാറാകുകയായിരുന്നു. വിദ്യാർഥിനികൾക്ക് ഐക്കിഡോ പഠിപ്പിച്ച് നൽകുന്നതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയു ചെയ്തിരുന്നു. ഇതിനെക്കുറിച്ച് ആയിരുന്നു അഭിഭാഷകൻ കൂടിയായ ഇടുക്കി മുൻ എംപിയുടെ മോശം പരാമർശം.
അതേസമയം, രാഹുൽ ഗാന്ധിക്ക് എതിരെ മോശം പരാമർശം നടത്തിയ മുൻ എം പി ജോയ്സ് ജോർജിന് എതിരെ ഇടുക്കി എം പി ഡീൻ കുര്യാക്കോസ് രംഗത്തെത്തി. ഒരിക്കലും നിസ്സാരമായി കാണേണ്ട ഒരു പരാമർശമല്ല അദ്ദേഹം നടത്തിയതെന്നും അവനവന്റെ ഉള്ളിലിരുപ്പ് ഈ ഒരു തരത്തിൽ പുറത്തു വന്നെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.
അതേസമയം, ഇതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് ഡീൻ കുര്യാക്കോസ് പറഞ്ഞു. ജോയ്സ് മ്ലേച്ഛനാണെന്ന് തെളിയിച്ചിരിക്കുന്നു. അവനവന്റെ ഉള്ളിലുള്ള അശ്ലീലമാണ് പുറത്ത് വരുന്നത്. ജോയ്സ് അപമാനിച്ചത് വിദ്യാർത്ഥിനികളെ കൂടിയാണെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു. അതേസമയം, രാഹുൽ ഗാന്ധിക്ക് എതിരെയുള്ള മോശം പരാമർശത്തിന് എതിരെ ഡി ജി പിക്ക് പരാതി നൽകുമെന്ന് ഇടുക്കി ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ പറഞ്ഞു.
ജോയ്സിന്റെ പരാമർശത്തിന് എതിരെ പി ജെ ജോസഫും രംഗത്തെത്തി. ജോയ്സ് ജോർജിന്റേത് പക്വതയില്ലാത്ത വില കുറഞ്ഞ പരാമർശമെന്ന് പി ജെ ജോസഫ് പറഞ്ഞു. ജോയ്സിന്റെ പരാമർശം എൽ ഡി എഫിന്റെ അഭിപ്രായമാണോ എന്നും പി ജെ ജോസഫ് ചോദിച്ചു.