ഇടക്കാല സ്റ്റേ വേണമെന്ന സന്നദ്ധസംഘടനയുടെ ആവശ്യം സുപ്രീം കോടതി തള്ളി
ന്യൂഡൽഹി: പുതിയ ഇലക്ടറൽ ബോണ്ട് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷ സുപ്രീംകോടതി തള്ളി. ഇടക്കാല സ്റ്റേ വേണമെന്ന സന്നദ്ധസംഘടനയുടെ ആവശ്യമാണ് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് നിരസിച്ചത്. കേരളം അടക്കം 5 സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ ഇലക്ടറൽ ബോണ്ടുകൾക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നൽകിയിരുന്നു. ഏപ്രിൽ 1 മുതൽ 10 വരെയാണ് ഇലക്ടറൽ ബോണ്ടുകൾക്ക് അനുമതി നൽകിയിട്ടുള്ളത്.
പലതവണ ബോണ്ടുകൾ ഇറക്കിയതായും തെരഞ്ഞെടുപ്പുകളെ ഇത് പ്രതികൂലമായി ബാധിച്ചതിന് തെളിവില്ലെന്നും ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബഞ്ച് വിലയിരുത്തി. സുപ്രീം കോടതി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ മുഖേന അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് എന്ന സംഘടനയായിരുന്നു സ്റ്റേ ആവശ്യപ്പെട്ട് നൽകിയ അപേക്ഷ നൽകിയത്.
ഭീകരപ്രവ൪ത്തനം നടത്തുന്നതിനടക്കം ഇലക്ടറൽ ബോണ്ടുകൾ ദുരുപയോഗം ചെയ്യപ്പെടുന്ന സാഹചര്യം ഉണ്ടാകില്ലേയെന്നും അത് ആശങ്കജനകമല്ലേയെന്നും ഹർജിയിൽ വാദം കേൾക്കവെ ചീഫ് ജസ്റ്റിസ് സംശയം പ്രകടിപ്പിച്ചിരുന്നു.
വിദേശത്തു നിന്നുള്‍പ്പെടെ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍നിന്നും രാഷട്രീയ പാര്‍ട്ടികള്‍ നേരിട്ട് സ്വീകരിക്കുന്ന സംഭാവനയാണ് ഇലക്ടറല്‍ ബോണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്കാന് ആഗ്രഹിക്കുന്നവര്‍ക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രത്യേക ശാഖകളില്‍ നിന്നും നിശ്ചിത തുകയ്ക്കുള്ള ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങാം. ഇവ അംഗീകൃത ബാങ്കുകളിലെ അക്കൗണ്ടുകള്‍ മുഖേന പണമാക്കി മാറ്റാം.
ആയിരം, പതിനായിരം, ലക്ഷം, പത്ത് ലക്ഷം, ഒരുകോടി എന്നീ തുകകളുടെ ഗുണിതങ്ങളായി എത്ര മൂല്യമുള്ള ഇലക്ടറല്‍ ബോണ്ടുകളും വാങ്ങാം. ബോണ്ടുകളില്‍ ആരാണ് പണം നല്‍കുന്നതെന്നോ ആരാണ് വാങ്ങുന്നതെന്നോ വ്യക്തമാക്കേണ്ടതില്ല. ജനുവരി, ഏപ്രില്‍, ജൂലൈ, ഒക്ടോബര്‍ മാസങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ അറിയിക്കുന്ന 10 ദിവസങ്ങളിലായിരിക്കും ബോണ്ട് വിതരണം.
പൊതുതെരഞ്ഞെടുപ്പുകൾ നടക്കുന്ന വർഷത്തിൽ 30 ദിവസം വരുന്ന പ്രത്യേക കാലാവധിയും ഈ നിയമത്തിന്റെ ഭാഗമായിരുന്നു. തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ പിന്‍വലിക്കണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു.നിയമലംഘനങ്ങൾക്കും സമാന്തര സാമ്പത്തിക വ്യവസ്ഥ സൃഷ്ടിക്കപ്പെടുന്നതിനും ഇലക്ടറൽ ബോണ്ടുകൾ കാരണമാകുമെന്നാണ് പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നത്.