ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ
ന്യൂഡൽഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ നെഞ്ച് വേദനയെ തുടർന്ന് ഡൽഹി ആർമി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്ന് പറഞ്ഞ ആശുപത്രി അധികൃതർ അദ്ദേഹം ഇപ്പോൾ നിരീക്ഷണത്തിലാണെന്നും പറഞ്ഞു. നെഞ്ചിൽ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്നാണ് രാഷ്ട്രപതി രാവിലെ സൈനിക ആശുപത്രിയിലെത്തിയത്.
നേരത്തെ ബംഗ്ലാദേശ് പ്രസിഡന്റ് അബ്ദുൽ ഹാമിദിന് രാജ്യത്തിന്റെ 50ാം സ്വാതന്ത്ര്യ ദിനത്തിൽ രാംനാഥ് കോവിന്ദ് ആശംസകൾ നേർന്നിരുന്നു. “നിങ്ങളുടെ ദേശീയ ദിനത്തോടനുബന്ധിച്ച് ഇന്ത്യയിലെ ജനങ്ങൾക്ക് വേണ്ടി, നിങ്ങളുടെ ശ്രേഷ്ഠതയ്ക്കും സർക്കാരിനും ബംഗ്ലാദേശിലെ ജനങ്ങൾക്കും ഊഷ്മളമായ ആശംസകൾ നേരുന്നു. ഇന്ത്യയും ബംഗ്ലാദേശും മാതൃകാപരവും അതുല്യവുമായ ഉഭയകക്ഷി ബന്ധത്തിന്റെ 50 വർഷങ്ങൾ ആഘോഷിക്കുകയാണ്, ”-അദ്ദേഹം പറഞ്ഞു.
കൊറോണ വൈറസ് രോഗത്തിനെതിരായ (കോവിഡ് -19) വാക്സിന്റെ ആദ്യ ഡോസ് ഈ മാസം ആദ്യം രാഷ്ട്രപതി രാംനാഥ് കോവിന്ദ് സ്വീകരിച്ചിരുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ വാക്സിനേഷൻ യജ്ഞം വിജയകരമായി നടപ്പിലാക്കുന്ന എല്ലാ ഡോക്ടർമാർക്കും നഴ്സുമാർക്കും ആരോഗ്യ പ്രവർത്തകർക്കും രാഷ്ട്രപതി നന്ദി അറിയിക്കുകയും വാക്സിനേഷൻ എടുക്കണമെന്ന് യോഗ്യരായ എല്ലാ പൗരന്മാരെയും അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു.
ഇന്ത്യയുടെ പതിനാലാമത്തെ രാഷ്ട്രപതിയാണ് രാംനാഥ് കോവിന്ദ്. മുൻ ബിഹാർ ഗവർണറായിരുന്ന ഇദ്ദേഹം കാൺപൂരിൽനിന്നുള്ള ദളിത് നേതാവാണ്. 2015ൽ കെ എൻ ത്രിപാഠിയുടെ പിൻഗാമിയായി ബിഹാർ ഗവർണർ സ്ഥാനമേറ്റെടുത്ത കോവിന്ദിനെ 2017 ജൂണിൽ എൻ ഡി എയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി തെരഞ്ഞെടുത്തു. എതിർസ്ഥാനാർത്ഥിയായിരുന്ന മുൻ ലോക്സഭാ സ്പീക്കർ മീര കുമാറിനെ തോല്പിച്ച് 2017 ജൂലൈ 25ന് അദ്ദേഹം രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്തു.