രാജ്യത്ത് ഒരിടവേളക്ക് ശേഷം കോവിഡ് കേസുകളിൽ വർദ്ധനവ് ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ബുധനാഴ്ച 47,262 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 275 പേർ മരിക്കുകയും ചെയ്തു.
യു കെയിൽ കഴിഞ്ഞ ഡിസംബറിൽ സ്ഥിരീകരിച്ച ജനിതകമാറ്റം വന്ന കൊറോണ വൈറസിന്റെ സാന്നിധ്യം പഞ്ചാബിൽ 320ലേറെ സാമ്പിളുകളിലാണ് കണ്ടെത്താൻ കഴിഞ്ഞത്. വൈറസിന്റെ ജനിതക ഘടനയിൽ ഉണ്ടായിട്ടുള്ള മാറ്റങ്ങൾ രോഗവ്യാപനം വേഗത്തിലാകാൻ കാരണമാകുന്നുണ്ട്. പഞ്ചാബിൽ കഴിഞ്ഞ ആഴ്ചകളിലായി കോവിഡ് വ്യാപനം വർദ്ധിക്കുന്നതിന് പിന്നിൽ ജനിതകമാറ്റം വന്ന വൈറസ് ആണെന്ന സംശയങ്ങൾ ബലപ്പെടുന്നുണ്ട്.
വിവിധ സംസ്ഥാനങ്ങളിലെ 10,787 പോസിറ്റീവ് സാമ്പിളുകൾ പരിശോധിച്ചപ്പോൾ ജനിതകമാറ്റം സംഭവിച്ച 771 സാമ്പിളുകളാണ് കണ്ടെത്തിയത്. ഇതിൽ 736 സാമ്പിളുകളിൽ യു കെയിൽ സ്ഥിരീകരിച്ച പുതിയ തരം വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിലും ബ്രസീലിലും സ്ഥിരീകരിച്ച, വൈറസിന്റെ മറ്റു രണ്ട് വകഭേദങ്ങളുടെ സാന്നിധ്യവും ഇന്ത്യയിൽ കണ്ടെത്തിയിട്ടുണ്ട്. യഥാക്രമം മുപ്പത്തിനാലും ഒന്നും സാമ്പിളുകളിലാണ് അവ കണ്ടെത്തിയിട്ടുള്ളത്. 18 സംസ്ഥാനങ്ങളിൽ നിന്നായാണ് ഇവ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഈ വകഭേദങ്ങളിൽ ഉണ്ടായിട്ടുള്ള ജനിതകപരമായ മാറ്റം അവയെ എളുപ്പത്തിൽ മനുഷ്യന്റെ പ്രതിരോധ ശേഷിയെ മറികടക്കാൻ പ്രാപ്തരാക്കുന്നു എന്നാണ് വിശദീകരണം. അതുകൊണ്ടു തന്നെ, നിലവിലെ കോവിഡ് വാക്സിനുകൾക്ക് അവയ്ക്കെതിരെയുള്ള ഫലപ്രാപ്തി കുറവായിരിക്കാം എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ വിശദമായ പഠനങ്ങൾ തുടരുന്നതേ ഉള്ളൂ.
മറ്റേതൊരു ജീവജാലത്തെയും പോലെ കൊറോണ വൈറസും നിരന്തരമായ മാറ്റങ്ങൾക്ക് വിധേയമാവുകയും കൂടുതൽ അതിജീവന ശേഷിയുള്ള തരത്തിൽ ഘടനാപരമായ മാറ്റങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്നുണ്ട്. ഈ ഘട്ടത്തിൽ പ്രധാനമായും മൂന്ന് തരത്തിലുള്ള മാറ്റങ്ങളാണ് അതീവ ശ്രദ്ധയോടെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നത്. കൂടുതൽ വേഗത്തിൽ വൈറസ് ബാധ പകരാനുള്ള ശേഷി, വൈറസ് ബാധിതനായ വ്യക്തിയിൽ ഉണ്ടാക്കുന്ന രോഗത്തിന്റെ തീവ്രത, മനുഷ്യന്റെ പ്രതിരോധശേഷിയെ മറികടക്കാനുള്ള ശേഷി എന്നീ കാര്യങ്ങളിൽ വൈറസിന്റെ പുതിയ വകഭേദങ്ങൾ എവിടെ നിൽക്കുന്നു എന്നതാണ് പ്രധാനമായും അറിയേണ്ട കാര്യം.
യു കെ, ദക്ഷിണാഫ്രിക്ക, ബ്രസീൽ എന്നിവിടങ്ങളിൽ കണ്ടെത്തിയ വകഭേദങ്ങൾക്ക് വ്യത്യസ്തമായ വൈറസ് കുടുംബങ്ങൾ രൂപപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്. അതിന്റെ അർത്ഥം, ജനിതകഘടനയിലുണ്ടായ സുപ്രധാനമായ മാറ്റം സ്ഥിരമായി തുടരുമ്പോൾ തന്നെ ചെറുതെങ്കിലും മറ്റു തരത്തിലുള്ള മാറ്റങ്ങളും ഈ വൈറസിന് ഉണ്ടായിട്ടുണ്ട് എന്നാണ്. ജനിതകമാറ്റം വന്ന ഈ മൂന്ന് വകഭേദങ്ങൾ തന്നെയാണ് യൂറോപ്പിലും ബ്രസീലിലും കോവിഡ് കേസുകളുടെ എണ്ണം വ്യാപകമായി വർദ്ധിക്കാനുള്ള കാരണം.
ഇന്ത്യയിൽ അടുത്തിടെ കോവിഡ് കേസുകളിൽ ഉണ്ടായ വർദ്ധനവ് ജനിതകമാറ്റം വന്ന വൈറസ് മൂലമാണെന്ന് ഉറപ്പിച്ചു പറയാൻ കഴിയില്ലെന്നാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം. പൊടുന്നനെ ഉണ്ടായ ഈ വർദ്ധനവിന്റെ കാരണമാകാൻ മാത്രം വൈറസിന്റെ പുതിയ വകഭേദങ്ങളുടെ വ്യാപനത്തിന്റെ തോത് ഉയർന്നിട്ടില്ല എന്നതാണ് അതിനു കാരണം. 400 സാമ്പിളുകളിൽ 80%-വും യു കെ വകഭേദമാണെന്ന് കണ്ടെത്തിയ പഞ്ചാബിൽ പോലും കോവിഡ് വ്യാപനം വർദ്ധിച്ചതിന്റെ കാരണം ഈ പുതിയ വൈറസാണെന്ന് പറയാൻ കഴിയില്ല. ഇക്കാര്യത്തിൽ അന്തിമമായ നിഗമനത്തിലെത്താൻ കൂടുതൽ പരിശോധനകൾ ആവശ്യമാണ്.
രാജ്യത്ത് ഒരിടവേളക്ക് ശേഷം കോവിഡ് കേസുകളിൽ വർദ്ധനവ് ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ബുധനാഴ്ച 47,262 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 275 പേർ മരിക്കുകയും ചെയ്തു. 132 ദിവസത്തിനിടയിലെ ഏറ്റവുമുയർന്ന രോഗവ്യാപന നിരക്കാണിത്.