കല്‍പ്പറ്റ: ക്യാംപസിന്റെ ഹൃദയതാളമേറ്റുവാങ്ങി കല്‍പ്പറ്റ മണ്ഡലം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ടി സിദ്ദിഖിന്റെ കലാലയ സന്ദര്‍ശനം. കല്‍പ്പറ്റ എന്‍ എം എസ് എം കോളജിലാണ് ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെ സിദ്ദിഖ് വോട്ടഭ്യര്‍ത്ഥിക്കാനെത്തിയത്. ക്യാംപസിലെ യു ഡി എസ് എഫ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചാണ് അദ്ദേഹത്തെ എതിരേറ്റത്. വിദ്യാര്‍ത്ഥികളെല്ലാം ചുറ്റും കൂടി. അവര്‍ക്ക് മുമ്പില്‍ കല്‍പ്പറ്റയിലെ വികസനസ്വപ്നങ്ങള്‍ അക്കമിട്ട് നിരത്തി സംസാരം. ‘എമര്‍ജിംഗ് കല്‍പ്പറ്റ’ എന്ന പേരില്‍ വരുന്ന ആഗസ്റ്റ്മാസത്തില്‍ നടപ്പിലാക്കാന്‍ പോകുന്ന ഉച്ചകോടിയെ കുറിച്ച് അദ്ദേഹം വിദ്യാര്‍ത്ഥികളോട് പങ്കുവെച്ചു. ടെക്നോക്രാറ്റുകളെയും, ജനപ്രതിനിധികളെയും, എന്‍ ജി ഒയെകളെയും, ജനങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ടാണ് എമര്‍ജിംഗ് കല്‍പ്പറ്റ പദ്ധതി നടപ്പിലാക്കാന്‍ പോകുന്നതെന്നും, ആ സമ്മേളനത്തില്‍ നിന്നും ഉയര്‍ന്നുവരുന്ന ആശയങ്ങള്‍ കല്‍പ്പറ്റയുടെ വികസനത്തിന് മുതല്‍ക്കൂട്ടാവുമെന്നും സിദ്ദിഖ് പറഞ്ഞു. ഉന്നതവിദ്യാഭ്യാസ രംഗത്ത് വയനാട് നേരിടുന്ന പ്രതിസന്ധികള്‍ വിദ്യാര്‍ത്ഥികളില്‍ ചിലര്‍ സിദ്ദിഖിന്റെ ശ്രദ്ധയില്‍പ്പെടുത്തി. രാജ്യത്തിനകത്തും, പുറത്തും ജോലി സാധ്യതയുള്ള നിരവധി കോഴ്സുകള്‍ ഇവിടെയും കൊണ്ടുവന്ന് ഉന്നതവിദ്യാഭ്യാരംഗത്തെ മുഖഛായ മാറ്റാന്‍ മുന്നിലുണ്ടാകുമെന്നും, കലാലയങ്ങളുടെ അടിസ്ഥാനസൗകര്യങ്ങളുയര്‍ത്തി മികച്ച നിലവാരത്തിലെത്തിക്കുമെന്നും സിദ്ദിഖിന്റെ ഉറപ്പ്. കൈയ്യടികളോടെയാണ് തന്റെ വികസനസ്വപ്നങ്ങള്‍ പങ്കുവെച്ച വേളയില്‍ വിദ്യാര്‍ത്ഥികള്‍ അദ്ദേഹത്തിന്റെ ആശയങ്ങള്‍ക്കൊപ്പം നിന്നത്. ക്യാംപസിന്റെ മരത്തണലുകളിലും, വരാന്തകളിലുമെല്ലാം കാത്തുനിന്ന വിദ്യാര്‍ത്ഥികളോട് ഗൃഹാതുരതകളുണര്‍ത്തുന്ന തന്റെ പഠനകാലത്തിന്റെ ഓര്‍മ്മകളും സിദ്ദിഖ് പങ്കുവെച്ചു. കല്‍പ്പറ്റ ഗവ. കോളജിലെ പ്രധാന ഡിപ്പാര്‍ട്ടുമെന്റുകളിലൊന്നായ മാസ് കമ്മ്യൂണിക്കേഷന്‍ വിഭാഗത്തിലെ അധ്യാപകരോട് അടക്കം സിദ്ദിഖ് വോട്ടഭ്യര്‍ത്ഥിച്ചു. നൂറ് കണക്കിന് വിദ്യാര്‍ത്ഥികളാണ് സിദ്ദിഖിന്റെ പര്യടന വേളയില്‍ സാന്നിധ്യമായി ചുറ്റുമെത്തിയത്. ഭാവിയുടെ പ്രതീക്ഷയായ വിദ്യാര്‍ത്ഥികളില്‍ നിന്നും മികച്ച പ്രതികരണമായിരുന്നു കലാലയസന്ദര്ശനത്തില് സിദ്ദിഖിന് ലഭിച്ചത്. കല്‍പ്പറ്റയുടെ ഉന്നതവിദ്യാഭ്യാസരംഗത്ത് പതിറ്റാണ്ടുകളായി ശോഭിച്ചുനില്ക്കുന്ന കല്‍പ്പറ്റ എന്‍ എം എസ് എം കോളജിന്റെ വിശാലമായ ക്യാംപസില്‍ ഓടിനടന്ന് വോട്ടഭ്യര്‍ത്ഥിച്ച് തിരിച്ചുപോകുമ്പോഴും മുദ്രാവാക്യം വിളികളോടെയാണ് യു ഡി എസ് എഫിന്റെ കുട്ടികള്‍ പതാകകളേന്തി അദ്ദേഹത്തെ യാത്രയാക്കിയത്. യു ഡി എസ് എഫ് പ്രവര്‍ത്തകരായ അമീന് ഫവാസ്, രാഗേന്ദു ഗൗരി, ഹരിപ്രസാദ്, നജാദ്, സഫ്വാന്, അമല്പി മാത്യു, അനാമിക ആര്, ദേവതീര്‍ത്ഥ, അഭിനന്ദ, നബീല്‍ തുടങ്ങിയവരാണ് അദ്ദേഹത്തെ സ്വീകരിക്കുന്നതിന് നേതൃത്വം നല്‍കിയത്. റസാഖ് കല്‍പ്പറ്റ, എ പി ഹമീദ്, കേയംതൊടി മുജീബ്, ആയിഷ പള്ളിയാല്‍, ഗൗതം ഗോകുല്‍ദാസ്, പി പി ഷൈജല്‍, ഫായിസ് തലക്കല്‍, സാലി റാട്ടക്കൊല്ലി തുടങ്ങിയവര്‍ സിദ്ദിഖിനെ അനുഗമിച്ചു.
ടി സിദ്ധിഖ് കല്പറ്റ എൻ എം എസ് എം ഗവണ്മെന്റ് കോളേജിൽ വിദ്യാർഥികൾക്കൊപ്പം