അഞ്ചുവര്‍ഷം കൂടുമ്പോള്‍ ഭരണമാറ്റമുണ്ടാവുന്ന പതിവുമാറി കേരളത്തിൽ ഇടതുപക്ഷം വീണ്ടും അധികാരത്തിലെത്താന്‍പോവുകയാണെന്നും സീതാറാം യെച്ചൂരി പറഞ്ഞു.
തിരുവനന്തപുരം: എല്‍ഡിഎഫിന് തുടര്‍ഭരണമുണ്ടായാല്‍ പിണറായി വിജയന് തന്നെയാവും മുഖ്യമന്ത്രിയെന്ന് ശക്തമായ സൂചന നൽകി സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ, ഇടതുപക്ഷം വീണ്ടും അധികാരത്തില്‍വന്നാല്‍, പിണറായി തന്നെയാകുമോ സര്‍ക്കാരിന്റെയും ക്യാപ്റ്റന്‍ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ”ഇടതുപക്ഷം ചരിത്രംകുറിക്കാന്‍പോവുകയാണ് കേരളത്തില്‍. ഉറപ്പായും കേരളത്തില്‍ തുടര്‍ഭരണമുണ്ടാവും. തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ക്യാപ്റ്റനാണ് പിണറായി. നിലവില്‍ മുഖ്യമന്ത്രിയാണല്ലോ അദ്ദേഹം. ക്യാപ്റ്റന്‍ വിജയിക്കുമ്പോള്‍ സ്വാഭാവികമായും എന്തായിരിക്കും സംഭവിക്കുകയെന്ന് എല്ലാവര്ക്കും അറിയാവുന്നതാണല്ലോ.”- യെച്ചൂരി മറുപടി നൽകി.
കേരളത്തിലെ വിവാദങ്ങളൊക്കെ രാഷ്ട്രീയമായ വേട്ടയാണെന്നതില്‍ തര്‍ക്കമില്ല. എന്തെങ്കിലും തിരുത്തല്‍ ആവശ്യമെങ്കില്‍ അതു ചെയ്യുന്നവരാണ് ഞങ്ങള്‍. ആവശ്യമായ ഘട്ടങ്ങളില്‍ അതു ചെയ്തിട്ടുമുണ്ട്. അതു ജനങ്ങള്‍ക്കുമറിയാം. എന്നാല്‍, സിബിഐയും ഇഡിയുമൊക്കെ എങ്ങനെയാണ് രാഷ്ട്രീയ എതിരാളികള്‍ക്കെതിരേ ഉപയോഗിക്കപ്പെടുന്നതെന്നു ജനങ്ങള്‍ കാണുന്നുണ്ടല്ലോ. സ്വര്‍ണക്കടത്തടക്കമുള്ള വിഷയങ്ങള്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പ് അജണ്ടയായി ഉപയോഗിക്കുകയാണ് പ്രതിപക്ഷം. തദ്ദേശ തെരഞ്ഞെടുപ്പില്‍ അതൊന്നും ഫലവത്തായില്ല. നിയമസഭാ തെരഞ്ഞെടുപ്പിലും അതു വിജയിക്കാന്‍ പോവുന്നില്ല.- വിവാദങ്ങളെ സംബന്ധിച്ച ചോദ്യത്തിന് യെച്ചൂരി മറുപടി നൽകി.
ബംഗാളില്‍ കൈകോർക്കുമ്പോൾ കേരളത്തിൽ കോൺഗ്രസ് എതിരാളികളാകുന്നതിനെ സംബന്ധിച്ച ചോദ്യത്തിനുള്ള മറുപടി ഇങ്ങനെ- നല്ല പക്വമതികളാണ് കേരളത്തിലെ വോട്ടര്‍മാര്‍. 2004 ലെ അനുഭവം നോക്കൂ. അന്നത്തെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേന്ദ്രത്തില്‍ ബിജെപിയെയും വാജ്പേയി സര്‍ക്കാരിനെയും തടഞ്ഞുനിര്‍ത്താന്‍ മതേതര-ജനാധിപത്യമുന്നണിയെ പിന്തുണയ്ക്കുമെന്ന് സിപിഎം പരസ്യമായി പ്രഖ്യാപിക്കുകയുണ്ടായി. കോണ്‍ഗ്രസുംകൂടി ഉള്‍പ്പെട്ടതായിരുന്നു ആ മുന്നണി. സ്വാഭാവികമായും ഞങ്ങള്‍ കേന്ദ്രത്തില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് വ്യക്തമായിരുന്നു. എന്നിട്ടും കേരളത്തിലെ 20 ലോക്സഭാസീറ്റുകളില്‍ പതിനെട്ടിലും ഇടതുപക്ഷം വിജയിച്ചു. കോണ്‍ഗ്രസിന് ഒറ്റസീറ്റുപോലും നേടാനായില്ല.
ബിജെപി അവകാശപ്പെടുന്നതുപോലെ വലിയ വിജയമുണ്ടാവാന്‍ പോവുന്നില്ലെന്ന് യെച്ചൂരി പറയുന്നു. അസമില്‍പോലും സ്ഥിതിഗതികള്‍ അവര്‍ക്ക് അനുകൂലമല്ല. ബോഡോ വിഭാഗം എന്‍ഡിഎ വിട്ടത് ബിജെപിയെ പ്രതികൂലമായി ബാധിക്കും. തമിഴ്നാട്ടില്‍ ഡിഎംകെ നയിക്കുന്ന മുന്നണി നന്നായി മുന്നേറുന്നു. വലിയതോതിലുള്ള വിജയമുണ്ടാവും. പുതുച്ചേരിയില്‍ ചെറുതെങ്കിലും ശക്തമായ മത്സരമാണ്. വ്യക്തമായ ത്രികോണമത്സരത്തിലാണ് പശ്ചിമബംഗാള്‍. ഇതില്‍ ഏറ്റവും ദുര്‍ബലര്‍ ബിജെപിയാണ്. അഞ്ചുവര്‍ഷം കൂടുമ്പോള്‍ ഭരണമാറ്റമുണ്ടാവുന്ന പതിവുമാറി കേരളത്തിൽ ഇടതുപക്ഷം വീണ്ടും അധികാരത്തിലെത്താന്‍പോവുകയാണെന്നും സീതാറാം യെച്ചൂരി പറഞ്ഞു.