ടെലിവിഷൻതാരം ഉല്ലാസ് പന്തളം കോൺഗ്രസിൽ തിരിച്ചെത്തി; പത്ത് വർഷം മുമ്പ് പുറത്താക്കിയത് പന്തളം പ്രതാപനെതിരെ മത്സരിച്ചതിന്
അടൂർ: പത്ത് വർഷത്തിന് ശേഷം മിമിക്രി-കോമഡി താരം ഉല്ലാസ് പന്തളം കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തി. അടൂരിലെ യുഡിഎഫ് സ്ഥാനാർഥി എം ജി കണ്ണന്റെ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉല്ലാസ് പന്തളത്തെ ഷാളണിയിച്ച് പാര്‍ട്ടിയിലേക്ക് വരവേറ്റു. ധര്മ്മജന് ബോള്‍ഗാട്ടി, രമേഷ് പിഷാരടി, ഇടവേള ബാബു എന്നീ താരങ്ങൾ കോണ്‍ഗ്രസിൽ ചേർന്നതിന് പിന്നാലെയാണ് ഉല്ലാസ് പന്തളത്തിന്റെ തിരിച്ചുവരവ്.
അമിത്ഷായുടെ യോഗത്തിൽ വച്ച് അംഗത്വമെടുക്കുകയും അടൂരിൽ ബിജെപി സ്ഥാനാർഥിയാവുകയും ചെയ്ത മുൻ കെപിസിസി അംഗം പന്തളം പ്രതാപനെതിരേ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിമതനായി മത്സരിച്ചതിനാണ് 10 വർഷം മുൻപ് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്ന ഉല്ലാസിനെ കോൺഗ്രസ് പുറത്താക്കിയത്. അന്ന് പന്തളം ഗ്രാമപഞ്ചായത്തായിരുന്നു. പ്രതാപൻ ബിജെപിയിലേക്ക് പോകുകയും കോൺഗ്രസ് ക്ഷണിക്കുകയും ചെയ്തതോടെയാണ് ഉല്ലാസ് ഉമ്മൻ ചാണ്ടി പങ്കെടുത്ത പന്തളത്തെ വേദിയിലെത്തിയത്.
മിനി സ്ക്രീൻ പ്രേക്ഷകർക്കിടയിലെ സൂപ്പർ സ്റ്റാറാണ് ഉല്ലാസ് പന്തളം. 46ഓളം സിനിമകളില്‍ ഉല്ലാസ് അഭിനയിച്ചിട്ടുണ്ട്. ടിവി ഷോകളിലെ സജീവ സാന്നിദ്ധ്യമാണ് ഉല്ലാസ്. കോമഡി പരിപാടിയിലൂടെ ശ്രദ്ധേയനായി. ഇപ്പോൾ ഒട്ടുമിക്ക മലയാളം ചാനലുകളിലും കോമഡി അവതരിപ്പിക്കാൻ ഉല്ലാസുണ്ട്.
കോൺഗ്രസ് പറയുന്നത് ചെയ്യുമെന്നും ചെയ്യുന്നത് മാത്രമേ പറയുകയുള്ളുവെന്നും അടൂരിലെ കൺവൻഷൻ ഉദ്ഘാടനം ചെയ്ത ഉമ്മൻ ചാണ്ടി പറഞ്ഞു. എൽഡിഎഫ് പിആർ ഏജൻസികളുടെ സഹായത്തോടെ യുഡിഎഫിനെ ഭയപ്പെടുത്തണ്ട. ജനമനസ്സ് യുഡിഎഫിന് അനുകൂലമാണ്. പിണറായി സർക്കാർ എന്താണ് ചെയ്തത്. ചെറുപ്പകാർക്ക് ലഭിക്കേണ്ട ജോലി പുറം വാതിലിലൂടെ പാർട്ടിക്കാർക്കും സ്വന്തകാർക്കും നൽകുന്നു. സ്വജനപക്ഷപാതവും പാർട്ടി താൽപ്പര്യവും കൊണ്ട് ജനം പൊറുതിമുട്ടിയ അഞ്ചു വർഷക്കാലം ജനം പൊറുക്കില്ല. എന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് നഗരസഭാ കമ്മിറ്റി ചെയർമാൻ എ ഷാജഹാൻ അധ്യക്ഷത വഹിച്ചു.
ആന്റോ ആന്റണി എംപി, ബാബു ജോർജ്, തോപ്പിൽ ഗോപകുമാർ, എൻ ജിസുരേന്ദ്രൻ, അഡ്വ. ഡിഎൻ തൃദീപ്, ബിനരേന്ദ്രനാഥ്, അഡ്വ. ബിജു ഫിലിപ്പ്, കെഎൻ അച്ചുതൻ, ഫാ. ദാനിയേൽ പുല്ലേലിൽ, അഡ്വ.കെഎസ് ശിവകുമാർ, പഴകുളം ശിവദാസൻ, സ്ഥാനാർത്ഥി എംജി കണ്ണൻ എന്നിവർ പ്രസംഗിച്ചു.