കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ ജാമ്യം നേടാൻ മുൻ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് കോടതിയെ കബളിപ്പിച്ചെന്ന് സംശയിക്കുന്നതായി ഹൈക്കോടതി . ഗുരുതര അസുഖം എന്ന് പറഞ്ഞാണ് ജാമ്യം അനുവദിച്ചത്. എന്നാൽ പിന്നീട് പൊതുപരിപാടികളിൽ ഇബ്രാഹിം കുഞ്ഞിനെ കണ്ടെന്നും കോടതി നിരീക്ഷിച്ചു.
ജാമ്യവ്യവസ്ഥയിൽ ഇളവ് ആവശ്യപ്പെട്ട് ഇബ്രാഹിം കുഞ്ഞ് നൽകിയ ഹർജി പരിഗണിക്കവേയാണ് കോടതി നിരീക്ഷണം. എറണാകുളം ജില്ല വിട്ട് പോകാൻ അനുവദിക്കണം എന്നായിരുന്നു ആവശ്യം. കോടതി നിലപാട് പ്രതികൂലമായതോടെ ഇളവ് തേടി സമർപ്പിച്ച ഹർജി ഇബ്രാഹിം കുഞ്ഞ് പിൻവലിച്ചു. പാലാരിവട്ടം പാലം അഴിമതി കേസിൽ ഹൈക്കോടതി ഇബ്രാഹിം കുഞ്ഞിന് ജാമ്യം അനുവദിച്ചത് എറണാകുളം ജില്ല വിട്ട് പോകരുതെന്നടക്കമുള്ള കർശന വ്യവസ്ഥകളോടെയായിരുന്നു. എന്നാൽ മലപ്പുറം മമ്പ്രം പള്ളിയിൽ പ്രാർഥന നടത്താൻ കീഴ്കോടതിയിൽ നിന്നും ഇബ്രാഹിം കുഞ്ഞ് അനുമതി തേടുകയും ഇതിനിടെ ജാമ്യവ്യവസ്ഥ ലംഘിച്ച് പാണാക്കാടെത്തുകയും ചെയ്തത് വിവാദമായിരുന്നു.
തുടർന്നാണ് കേരളത്തിലെ പള്ളികളിൽ പ്രാർഥന നടത്താൻ യാത്രക്ക് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ഹർജി പരിഗണിക്കവേ ജാമ്യ വ്യവസ്ഥയിൽ ഇളവ് അനുവദിക്കരുതെന്ന് സർക്കാർ ആവശ്യപ്പെട്ടു. പാലാരിവട്ടം പാലം അഴിമതി കേസിൽ കുറ്റപത്രം നൽകിയിട്ടില്ലെന്നും ചമ്രവട്ടം പാലം കേസിൽ ആരോപണ വിധേയനാണെന്നും സർക്കാർ ചൂണ്ടിക്കാട്ടി.
ഈ സാഹചര്യത്തിൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നായിരുന്നു സർക്കാർ വാദം. കൂടാതെ കോടതിയെ കബളിപ്പിച്ചാണോ ജാമ്യം നേടിയതെന്ന് സംശയിക്കുന്നതായി ഹൈക്കോടതിയും ചൂണ്ടിക്കാട്ടി.