കുണ്ടറയില്‍ രോഗിയുമായി പോയ ആംബുലന്‍സും കാറും കൂട്ടിയിടിച്ചു 7ലധികം പേര്‍ക്ക് പരിക്കേറ്റു. വെണ്ടാർ വടക്കേടത്ത് വീട്ടിൽ വിഷ്ണു(22). മാവടി കൊച്ചുവീട് തെക്കേക്കര കൊച്ചുവീട്ടിൽ ശ്യാംദേവ്(22), വെണ്ടാർ ചരുവിള പുത്തൻവീട്ടിൽ ഹരി(21), കൊട്ടാരക്കര കിഴക്കേക്കര ഉണ്ണിക്കുട്ടൻ(27), വെണ്ടാർ തിരുവോണത്തിൽ വിഷ്ണു(22), വെണ്ടാർ തിരുവോണത്തിൽ വിദ്യാധരൻ(53), വെണ്ടാർ സ്വദേശി മോഹൻകുമാർ(56) എന്നിവർക്കാണ് സാരമായി പരിക്കേറ്റത്. ഇന്ന് വൈകിട്ടാണ് സംഭവം. ആറുമുറിക്കട ഭാഗത്ത് നിന്നും രോഗിയുമായി വന്ന ആംബുലന്‍സും കുണ്ടറ ഭാഗത്ത് നിന്നും വന്ന കാറും തമ്മില്‍ പള്ളിമുക്കിന് സമീപം കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ആംബുലന്‍സ് മറിഞ്ഞു. ആംബുലന്‍സില്‍ ഉണ്ടായിരുന്ന രോഗിയെ നാട്ടുകാരും പോലീസും ചേര്‍ന്ന് മറ്റൊരു ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റി. ഇതിൽ വടക്കേടത്ത് വീട്ടിൽ വിഷ്ണുവിനെ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്ക് അപകടത്തിൽ പരിക്കേറ്റ വിഷ്ണുവിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ നിന്നും കാെല്ലം ജില്ലാ ആശുപത്രിയിലേക്ക് ആംബുലൻസിൽ കൊണ്ടുപോകുംവഴിയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട് മറിഞ്ഞ ആംബുലൻസ് റോഡരികിലെ മൂന്ന് സ്കൂട്ടറുകൾക്ക് മുകളിലേക്കാണ് വീണത്. ഓടിക്കൂടിയവർ ആംബുലൻസും കാറും വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ ഉടൻതന്നെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചത്.
