ഇന്ത്യയിൽ രണ്ടാം ഘട്ട കോവിഡ് വാക്സിനേഷൻ മാർച്ച് ഒന്നിന് തുടങ്ങും. 60 വയസ്സ് കഴിഞ്ഞവർക്കാണ് മാർച്ച് 1 മുതൽ കോവിഡ് വാക്സിൻ നൽകുക. 45 വയസ്സിന് മുകളിലുള്ള മറ്റ് രോഗങ്ങളുള്ളവർക്കും കോവിഡ് വാക്സിൻ നൽകും. രാജ്യത്താകെ 10000 സർക്കാർ കേന്ദ്രങ്ങളിലും 20000 സ്വകാര്യ കേന്ദ്രങ്ങളിലുമാണ് വാക്സിൻ ലഭ്യമാക്കുക.
സർക്കാർ കേന്ദ്രങ്ങളിൽ സൗജന്യമായി വാക്സിൻ നൽകും. സ്വകാര്യ കേന്ദ്രങ്ങളിൽ പണം നൽകി കുത്തിവെപ്പ് എടുക്കാം. സ്വകാര്യ കേന്ദ്രങ്ങളിലെ നിരക്ക് എത്രയായിരിക്കുമെന്ന് ഉടൻ തീരുമാനിക്കുമെന്ന് മന്ത്രി പ്രകാശ് ജാവ്ദേകർ അറിയിച്ചു. 27 കോടി പേർക്ക് ഈ ഘട്ടത്തിൽ വാക്സിൻ നൽകാൻ കഴിയുമെന്നാണ് കേന്ദ്ര സർക്കാർ പ്രതീക്ഷിക്കുന്നത്.
അതിനിടെ കോവിഡ് വ്യാപനം കൂടുതലുള്ള കേരളമടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര സർക്കാർ ഉന്നതതല സംഘത്തെ അയക്കും. ആരോഗ്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി തലത്തിലുള്ള ഓഫീസർമാരാണ് മൂന്ന് മൾട്ടി ഡിസിപ്ലിനറി ടീമുകൾക്ക് നേതൃത്വം നൽകുകയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.