ന്യൂഡൽഹി: ഇന്ത്യയും ചൈനയും തമ്മിലുള്ള 10ാം വട്ട കമാൻഡർ തല ചർച്ച ഫെബ്രുവരി 20ന് നടക്കും. യഥാർത്ഥ നിയന്ത്രണരേഖ (എൽഎസി)യിൽ ചൈനയുടെ ഭാഗത്തുള്ള മോൾഡോവിലാണ് രാവിലെ 10ന് ചർച്ച ആരംഭിക്കുക.
ഇതിനിടെ, പാംഗോഗ് തടാകത്തിൻറെ വടക്കും തെക്കും തീരങ്ങളിലെ സേനാപിന്മാറ്റം പൂർത്തിയായതായി സൈനിക കേന്ദ്രങ്ങൾ അറിയിച്ചു. പത്താം വട്ടചർച്ചയിൽ ഗോഗ്ര, ഹോട്ട് സ്പിംഗ്സ്, ഡെപ്സാങ് സമതലം എന്നിവിടങ്ങളിൽ നിന്നുള്ള സേനാപിൻമാറ്റം വിഷയമാകും.
ഇതിനിടെ ആദ്യമായി ഇന്ത്യയുടെ ആക്രമണത്തിൽ തങ്ങളുടെ നാല് സൈനികർ കൊല്ലപ്പെട്ടതായി ചൈന സമ്മതിച്ചു. ഈ നാല് പേരെ നയിച്ചിരുന്ന കേണലിന് പരിക്കേൽക്കുകയും ചെയ്തതായി ചൈന സ്ഥിരീകരിച്ചു. എന്നാൽ ഏകദേശം 45 ചൈനീസ് സൈനികർ കൊല്ലപ്പെട്ടുവെന്നായിരുന്നു റഷ്യ പുറത്ത് വിട്ട കണക്ക്. ഈ ആഴ്ച ഇന്ത്യൻ സേനയാണ് ഇരുരാജ്യങ്ങളുടെയും സേനാവിഭാഗങ്ങൾ പിന്മാറുന്നതായി വീഡിയോ ചിത്രങ്ങൾ പുറത്ത് വിട്ടിരുന്നു. പാംഗോംഗ് തടാകതീരത്ത് ചൈന ബുൾഡോസറുകൾ ഉപയോഗിച്ച് ചില നിർമ്മാണങ്ങൾ ഇടിച്ചുനിരത്തുന്നതും വീഡിയോയിൽ കാണാമായിരുന്നു. ബങ്കറുകളും മറ്റ് നിർമ്മാണപ്രവർത്തനങ്ങളും ചൈന ഫിംഗർ 4നും 8നും ഇടയിൽ നിർമ്മിച്ചിരുന്നു. ഇതെല്ലാം അവർ മാറ്റി.