കൊച്ചി: എൽഡിഎഫ് സർക്കാരിൻറെ അനധികൃത നിയമനങ്ങൾ ചോദ്യം ചെയ്ത യൂത്ത് കോൺഗ്രസ് ഹൈക്കോടതിയിൽ. താത്ക്കാലികക്കാരെ സ്ഥിരപ്പെടുത്തുവാനുള്ള സർക്കാർ നീക്കം തടയണമെന്നാണ് ആവശ്യം. സർക്കാർ നടപടി നിയമവിരുദ്ധമാണെന്നും ഇത്തരത്തിലുള്ള അനധികൃത നിയമനങ്ങൾ തടയാൻ ഉത്തരവ് പുറപ്പെടുവിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
സ്ഥിരപ്പെടുത്തുന്നതിനായി വിവിധ വകുപ്പുകൾ ഇറക്കിയ ഉത്തരവുകൾ റദ്ദാക്കണമെന്നും ഹർജിയിലുണ്ട്. സർക്കാർ നടപടി നിയമവിരുദ്ധവും ഭരണഘടനാ ലംഘനമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. യൂത്ത് കോൺഗ്രസ് നേതാക്കളായ വിഷ്ണു, സുനിൽ പന്തളം, ഫൈസൽ കുളപ്പാടം എന്നിവരാണ് ഹർജി നൽകിയത്.
അതേസമയം, പിൻവാതിൽ നിയമനങ്ങളിൽ സർക്കാർ സംവരണ തത്വങ്ങൾ പാലിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരള ബാങ്കിലെ സ്ഥിരപ്പെടുത്തൽ ഹൈക്കോടതി തടഞ്ഞത് സർക്കാരിനേറ്റ പ്രഹരമാണ്. മറ്റ് നിയമനങ്ങളും സ്റ്റേ ചെയ്യപ്പെടണം. നിയമനങ്ങളിൽ പൂർണമായും രാഷ്ട്രീയ മാനദണ്ഡം മാത്രമാണ് പരിഗണിക്കുന്നതെന്നും ചെന്നിത്തല വിമർശിച്ചു.