തിരുവനന്തപുരം : പിഎസ്സി ഉദ്യോഗാർഥികളുടെ സമരം അവസാനിപ്പിക്കാൻ ഫോർമുലയുമായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി . 31 തസ്തികകളിലെ റാങ്ക് പട്ടിക റദ്ദാക്കാതെ ഒന്നരവർഷം നീട്ടിയാൽ 345 പേർക്ക് നിയമനം ലഭിക്കുമെന്നാണ് ഫോർമുല. എന്നാൽ ഇടതു സർക്കാർ സ്ഥിരപ്പെടുത്തയവരോട് പ്രതികാരം ചെയ്യില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു. നിയമനകാര്യത്തിൽ കണക്കുകൾ നിരത്തി യുഡിഎഫ് എൽഡിഎഫ് സർക്കാരുകളെ ഉമ്മൻചാണ്ടി താരതമ്യം ചെയ്തു.
യുഡിഎഫ് സർക്കാർ ഒരു റാങ്ക് ലിസ്റ്റും റദ്ദാക്കിയിട്ടില്ലെന്നും ലാസ്റ്റ് ഗ്രേഡ് പട്ടിക ഒന്നരവർഷവും പോലീസ് സിപിഒ പട്ടിക ഒരു വർഷവും നീട്ടണമെന്ന് ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു. എന്നാൽ റാങ്ക് ലിസ്റ്റ് എങ്ങനെയെങ്കിലും അവസാനിപ്പിച്ചാൽ മതിയെന്ന ചിന്തയിലാണ് സർക്കാർ. അതിനാൽ മൂന്ന് വർഷം തികഞ്ഞ റാങ്ക് ലിസ്റ്റ് സർക്കാർ റദ്ദാക്കി.
മുഖ്യമന്ത്രി പെരുപ്പിച്ച് പറയുന്നത് അഡ്വവൈസ് മെമ്മോ നൽകിയ കണക്കാണ്. യുഡിഎഫ് ഭരണകാലത്ത് സ്ഥിരപ്പെടുത്തിയത് ചട്ടപ്രകാരമാണെന്നും ഇപ്പോൾ സ്ഥിരപ്പെടുത്തിയവർക്കെതിരെ പ്രതികാര നടപടി ഉണ്ടാകില്ലെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി. അതേസമയം സമരം ശക്തമാക്കാനാണ് പിഎസ്സി ഉദ്യോഗാർഥികളുടെ തീരുമാനം.