വയനാട് : പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ഹവിൽദാർ വി.വി. വസന്തകുമാറിന്റെ കുടുംബത്തിനായി സഹകരണ വകുപ്പ് നിർമ്മിച്ച് നൽകിയ വീടിന്റെ താക്കോൽ കൈമാറി.

ടൂറിസം ദേവസ്വം സഹകരണം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഓൺലൈനായി ചടങ്ങ് ഉദ്ഘാടനം ചെയ്തു.

രാജ്യത്തിനായി വീരമൃത്യു വരിച്ച ജവാന്റെ കുടുംബത്തിന്റെ സംരക്ഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് സഹകരണ വകുപ്പിന്റെ കെയർ ഹോം പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബത്തിന് വീട് നിർമ്മിച്ച് നൽകിയതെന്ന് മന്ത്രി പറഞ്ഞു. പുത്തൂർ വയലിൽ നടന്ന ചടങ്ങിൽ വീടിന്റെ താക്കോൽ സി.കെ. ശശീന്ദ്രൻ എം.എൽ.എയാണ് വസന്തകുമാറിന്റെ ഭാര്യ ഷീന വസന്തകുമാറിന് നൽകിയത്.

15 ലക്ഷം രൂപ ചെലവിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സഹകരണ സംഘമാണ് വീട് നിർമ്മിച്ചത്. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സഹകരണ സംഘത്തിന്റെ സ്നേഹോപഹാരമായി കുടുംബത്തിന് ഫ്രിഡ്ജ് സമ്മാനിച്ചു. ചടങ്ങിൽ സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, ജോയിന്റ് രജിസ്ട്രാർ ജനറൽ എം.എം. ഖദീജ, ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സഹകരണ സംഘം കെ.പി. ഷാബു തുടങ്ങിയവർ പങ്കെടുത്തു.