വയനാട് : ആദിവാസി മേഖലയെ ലഹരി മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പുതുജീവിതം പദ്ധതിയുടെ ഭാഗമായി കോളനി സംഗമവും സമൂഹ പ്രതിജ്ഞയും നടത്തി. വെങ്ങപ്പള്ളി മൂപ്പൻ കോളനിയിൽ നടന്ന ചടങ്ങ് സി.കെ ശശീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി ഊരിലെ കുട്ടികളുടെ കലാപരിപാടികൾ സംഘടിപ്പിച്ചു. കരൾ ഡോക്യുമെന്ററിയുടെ പ്രദർശനവും നടന്നു. ഊരിലെ ആളുകൾ ഒരുമിച്ച് ചേർന്ന് ലഹരിയ്ക്ക് എതിരായി സമൂഹ പ്രതിജ്ഞ എടുത്തു.പച്ചപ്പ് പദ്ധതി, കുടുംബശ്രീ ജില്ലാ മിഷൻ, സ്നേഹിത എന്നിവരുടെ ആഭിമുഖ്യത്തിലാണ് പുതുജീവനം പദ്ധതി നടപ്പാക്കുന്നത്.
ചടങ്ങിൽ വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. രേണുക അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ പി. സാജിത, കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ.പി. ഷാജഹാൻ, കൽപ്പറ്റ ജനമൈത്രി പോലീസ് എ.എസ്.ഐ വി. വിജയൻ, ജനപ്രതിനിധികൾ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
