കോട്ടയം: എൽഡിഎഫ് വിടുമെന്ന് എൻസിപി നേതാവ് മാണി സി കാപ്പൻ. യുഡിഎഫിന്റെ ഘടക കക്ഷിയാകാനാണ് ഉദ്ദേശിക്കുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര കോട്ടയത്ത് എത്തുന്നതിന് മുൻപ് മുന്നണിമാറ്റത്തിൽ തീരുമാനം വേണമെന്നും മാണി സി കാപ്പൻ ആവശ്യപ്പെട്ടു.
എ കെ ശശീന്ദ്രൻ പാറ പോലെ എൽഡിഎഫിൽ നിന്നോട്ടെ. പ്രഫുൽ പട്ടേലുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഇന്ന് വൈകീട്ട് തീരുമാനം അറിയിക്കുമെന്നും കാപ്പൻ വിശദമാക്കി. അതേസമയം, എ കെ ശശീന്ദ്രനെ എൻസിപി ദേശീയ നേതൃത്വം ഡൽഹിയിലേക്ക് വിളിപ്പിച്ചു. ഇതോടെ എൻസിപിയുടെ മുന്നണി മാറ്റത്തിൽ തീരുമാനം വൈകും എന്ന സൂചനകളാണ് പുറത്തു വരുന്നത്.
ശശീന്ദ്രൻ നേരത്തെ എൽഡിഎഫിൽ തന്നെ തുടരണമെന്ന് ആവശ്യപ്പെട്ടിരുന്നു. നാല് സീറ്റുകൾ എന്ന എൻസിപിയുടെ ആവശ്യം നിഷേധിക്കപ്പെട്ടിട്ടില്ല. പാലയ്ക്ക് പകരം മറ്റേതെങ്കിലും സീറ്റ് ലഭിക്കാനുള്ള സാധ്യതയും എ കെ ശശീന്ദ്രൻ ചൂണ്ടിക്കാട്ടിയിരുന്നു. എൻസിപി ദേശീയ അധ്യക്ഷൻ ശരത് പവാർ ശശീന്ദ്രനെ കൂടി കേൾക്കണമെന്ന് നേതൃത്വത്തോട് നിർദേശിച്ചു.