തിരുവനന്തപുരം: സ്വർണ്ണവില വീണ്ടും ഇടിഞ്ഞു. ഇന്ന് പവന് 320 രൂപ കുറഞ്ഞ് ഈ വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലേക്കാണ് സ്വർണ്ണ വില എത്തിയിരിക്കുന്നത്. ഇന്ന് 35,480 രൂപയാണ് ഒരു പവൻ സ്വർണ്ണത്തിന്റെ വില. തുടർച്ചയായ നാലാം ദിവസമാണ് സ്വർണ്ണ വിലയിൽ ഇടിവ് രേഖപ്പെടുത്തുന്നത്. ഗ്രാമിന് 40 രൂപ കുറഞ്ഞ് 4435 രൂപയായി.
നാലു ദിവസം കൊണ്ട് 1320 രൂപയാണ് സ്വർണ്ണത്തിന് കുറഞ്ഞിരിക്കുന്നത്. ബജറ്റിൽ കസ്റ്റംസ് തീരുവ കുറച്ചതാണ് സ്വർണ്ണത്തിന്റെ വില കുറയാൻ കാരണം. 12.5 ശതമാനത്തിൽ നിന്നും 7.50 ശതമാനമായാണ് കേന്ദ്ര സർക്കാർ സ്വർണ്ണത്തിന്റെ കസ്റ്റംസ് തീരുവ കുറച്ചത്. സ്വർണകള്ളക്കടത്ത് തടയുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സർക്കാർ സ്വർണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചത്. സ്വർണത്തിന് പുറമെ വെള്ളി, ചെമ്പ് തുടങ്ങിയവയുടേയും ഇറക്കുമതി തീരുവയും കേന്ദ്ര സർക്കാർ കുറച്ചിട്ടുണ്ട്.
ആഗോള വിപണിയിൽ യുഎസ് ബോണ്ട് വരുമാന നേട്ടം കൈവരിക്കുകയും ഡോളർ കരുത്താർജിച്ചതും സ്വർണ്ണ വിപണിയ്ക്ക് തിരിച്ചടിയായി.