പാലക്കാട് : പൊതുവെ ഹിമാലയ സാനുക്കളിൽ മാത്രം കണ്ടു വരുന്ന രുദ്രാക്ഷം സമതലങ്ങളിൽ വളരുന്നതും കായ്ക്കുന്നതും അപൂർവമാണ് ‘ ഞാങ്ങാട്ടിരിയിലെ കർഷകനായ ഗംഗാധരനുണ്ണി നായർ 2010 ൽ കാർഷിക വികസന കേന്ദ്രത്തിൽ നിന്നും വാങ്ങി വീട്ടുവളപ്പിൽ നട്ടുവളർത്തിയ രുദ്രാക്ഷച്ചെടിയിൽ രണ്ട് വർഷം മുമ്പ് മൂന്ന് കായ്കൾ ഉണ്ടായി. ഇപ്പോൾ 50 ഓളം രുദ്രാക്ഷ കായ്കൾ ആണ് ഉണ്ടായിരിക്കുന്നത്. ഇലിയോകാർപസ് ഗാനി ട്രസ് എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന രുദ്രാക്ഷം ശിവന്റെ തൃക്കണ്ണ് ആണെന്ന് വിശ്വസിക്കുന്നവരുണ്ട്. ഏകമുഖം, ദ്വി, ത്രി, ചതുരം, പഞ്ചമുഖം തുടങ്ങി 21 മുഖങ്ങൾ വരെയുള്ള രുദ്രാക്ഷങ്ങൾ ഉണ്ട്. മുഖങ്ങളുടെ കണക്കനുസരിച്ചാണ് ഇതിന്റെ അപൂർവതയും വിലയും നിശ്ചയിക്കപ്പെടുന്നത്. കവളപ്പാറ തറവാട്ടിൽ വിരിഞ്ഞത് പഞ്ചമുഖ രുദ്രാക്ഷമാന്നെന്ന് കരുതുന്നു.
രുദ്രാക്ഷത്തിന് ആയുർവേദത്തിൽ പ്രധാന സ്ഥാനമാണുള്ളത്.

തുടക്കത്തിൽ പച്ച നിറത്തിൽ കാണുന്ന കായ്കൾ പാകമാകുമ്പോൾ നിറം മാറും.

കൂവളം, കണിക്കൊന്ന, അത്തി, ഇത്തി , കറ്റാർവാഴ തുടങ്ങി വിവിധ ഓഷധ സസ്യങ്ങൾ നിറഞ്ഞു നിൽക്കുന്ന വളപ്പിൽ കായ്ചു നിൽക്കുന്ന രുദ്രാക്ഷമരം ഐശ്വര്യമാണെന്ന് ഗംഗാധരനുണ്ണി നായരും ഭാര്യ ശ്രീദേവിയും പറയുന്നു.