കൊച്ചി: പാലാരിവട്ടം പാലത്തിന്റെ പുനര്‍നിര്‍മാണം മെയ് മാസത്തില്‍ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ നീക്കം. കോടതിയിലാണ് ഇക്കാര്യം സര്‍ക്കാര്‍ വ്യക്തമാക്കിയത്. ഇതുവരെ വരെ അറുപത് ശതമാനത്തോളം പണികള്‍ പൂര്‍ത്തിയാക്കിയെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
പാലത്തിന്റെ ഭാരപരിശോധന നടത്തണമെന്നാവശ്യപ്പെട്ട് നിര്‍മാതാക്കളായ ആര്‍ഡിഎസ് പ്രോജക്ടും എഞ്ചിനീയര്‍മാരുടെ സംഘടനയും നേരത്തെ സമര്‍പ്പിച്ച ഹര്‍ജി കോടതി തീര്‍പ്പാക്കി. ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്റെ മേല്‍നോട്ടത്തിലാണ് മേല്‍പ്പാലത്തിന്റെ പുനര്‍നിര്‍മാണം. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്കാണ് കരാര്‍. സര്‍ക്കാര്‍ മുമ്ബ് നല്കിയ കരാറുകളില്‍നിന്നുള്ള മിച്ചമായി 17.4 കോടി രൂപ ഉപയോഗിച്ചാണ് നിര്‍മാണം നടത്തുന്നത്. നിര്‍മാണ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പാലം പൊളിച്ചുപണിയാന്‍ തീരുമാനിച്ചത്. വൈറ്റില ഭാഗത്തെ പുതിയ ഗര്‍ഡറുകള്‍ ഭൂരിഭാഗവും സ്ഥാപിച്ച് കഴിഞ്ഞു. ഇടപ്പള്ളി ഭാഗത്ത് 2 സ്പാനുകളുടെ കോണ്‍ക്രീറ്റിങ് ഇതിനോടകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. പഴയ പാലം പൊളിക്കുന്ന ജോലികള്‍ 57 ദിവസത്തിനുളിലാണ് പൂര്ത്തിയാകിയത്.
19 സ്പാനുകളില്‍ 17 സ്പാനുകളും അവയിലെ 102 ഗര്‍ഡറുകളുമാണ് പുനര്‍നിര്‍മാണത്തിന്റെ ഭാഗമായി പൊളിച്ച് പണിയുന്നത്. പാലത്തിന്റെ മുകള്‍ ഭാഗമാണ് പ്രധാനമായും പൊളിച്ചത്. സ്പാനുകളും പിയര്‍ ക്യാപുകളും പുതിയത് നിര്‍മ്മിച്ചിട്ടുണ്ട്. തൂണുകള്‍ കോണ്‍ക്രീറ്റ് ജാക്കറ്റിങ് നടത്തി ബലപ്പെടുത്തിയ ശേഷമാണ് പുതിയ പിയര്‍ ക്യാപുകളും പ്രീ സ്ട്രെസ്ഡ് ഗര്‍ഡറുകളും സ്ഥാപിച്ചത്. കാക്കനാട്, പാലരിവട്ടം ഭാഗത്തേക്കുള്ള ഗതാഗതക്കുരുക്ക് പാലം വരുന്നതോടെ പൂര്‍ണമായും ഇല്ലാതാകുമെന്നാണ് വിലയിരുത്തുന്നത്.
അതേസമയം, പാലം അഴിമതി കേസില്‍ പ്രതിയായ മുന്‍മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ആരോഗ്യസ്ഥിതി പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്.