ന്യൂഡൽഹി : പ്രധാനമന്ത്രി ഗ്രാമീണ ഭവന പദ്ധതിയുടെ ഭാഗമായി വീട് വെക്കാന്‍ ആറ് ലക്ഷം ഗ്രാമീണര്‍ക്ക് 2,691 കോടി രൂപ വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തര്‍ പ്രദേശിലെ പദ്ധതി ഗുണഭോക്താക്കള്‍ക്കാണ് പ്രധാനമന്ത്രി ധനസഹായം വിതരണം ചെയ്തത്. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയായിരുന്നു അദ്ദേഹം ജനങ്ങളോട് സംവദിച്ചത്.
2022 ഓടെ എല്ലാവര്ക്കും വീട് എന്ന ആഹ്വാനത്തോടെ 2016 നവംബര്‍ 20 നാണ് പ്രധാനമന്ത്രി ഗ്രാമീണ ഭവന പദ്ധതിക്ക് തുടക്കം കുറിച്ചത്. 1.26 കോടി വീടുകളാണ് പദ്ധതിയുടെ കീഴില്‍ ഇതുവരെ നിര്‍മിച്ച് നല്‍കിയത്. പദ്ധതിക്ക് കീഴില്‍ ഓരോ ഗുണഭോക്താവിനും 1.20 ലക്ഷം രൂപയാണ് ഗ്രാന്റായി ലഭിക്കുക. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും കുന്നിന് പ്രദേശങ്ങളിലും ദുര്‍ഘട പ്രദേശങ്ങളിലും ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങളിലും മാവോയിസ്റ്റ് ബാധിത ജില്ലകളിലും 1.3 ലക്ഷം രൂപ ഗ്രാന്റായി നല്‍കും.