അബുദാബി: മറ്റൊരാള്‍ക്കെതിരായ കോടതി വിധി സാമൂഹിക മാധ്യമത്തിലൂടെ പരസ്യപ്പെടുത്തിയതിന് യുവതിക്ക് ശിക്ഷ. പ്രതിയാക്കപ്പെട്ടയാളുടെ പേര് വ്യക്തമാവുന്ന തരത്തില്‍ കോടതി വിധി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്, പ്രതിയുടെ സ്വകാര്യത ലംഘിക്കുന്നതും അപകീര്‍ത്തികരവുമാണെന്ന് കണ്ടെത്തിയതോടെയാണ് കോടതി 20,000 ദിര്‍ഹം പിഴ വിധിച്ചത്.
കേസിലെ പ്രതിയാണ് യുവതിക്കെതിരെ പരാതിയുമായി കോടതിയെ സമീപിച്ചത്. തന്റെ പേര് വ്യക്തമാവുന്ന തരത്തില്‍ കോടതി വിധി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചുവെന്നും ഇത് തന്റെ അഭിമാനത്തിന് മുറിവേല്പ്പിച്ചുവെന്നുമായിരുന്നു പരാതി. സാമൂഹിക മാധ്യമങ്ങളില്‍ പരസ്യപ്പെടുത്തുന്നതിന് മുൻപ് തന്റെ അനുമതി വാങ്ങിയില്ല. ഇക്കാരണത്താല്‍ തനിക്ക് രണ്ട് ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം വേണമെന്നായിരുന്നു ആവശ്യം. കുറ്റം സമ്മതിച്ച യുവതി, തനിക്ക് അബദ്ധം പറ്റിയതാണെന്നും അപമാനിക്കണമെന്ന ഉദ്ദേശമില്ലായിരുന്നെന്നും കോടതിയെ അറിയിക്കുകയായിരുന്നു.