ന്യൂഡൽഹി : കേന്ദ്ര സര്‍ക്കാരിന്റെ മൂന്ന് പുതിയ കാര്‍ഷിക നിയമങ്ങള്‍ നടപ്പിലാക്കുന്നത് സ്റ്റേ ചെയ്ത് സുപ്രീംകോടതി. പ്രതിസന്ധി അവസാനിപ്പിക്കാന്‍ കര്‍ഷകരുമായി ചര്‍ച്ച നടത്താന്‍ കാര്‍ഷിക വിദഗ്ധരുടെ സമിതിയും സുപ്രീംകോടതി രൂപീകരിച്ചു. തുടര്‍ന്നുള്ള ഉത്തരവുകള്‍ ഉണ്ടാകുന്നതു വരെ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ സ്റ്റേ ചെയ്യുകയാണെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ പറഞ്ഞു.
നിയമങ്ങള്‍ തിടുക്കത്തില്‍ ഉണ്ടാക്കിയതല്ലെന്നും രണ്ട് പതിറ്റാണ്ടായി നടന്ന ചര്‍ച്ചകളുടെ ഫലമാണിതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. കഴിഞ്ഞ ഒരു മാസമായി കര്‍ഷക യൂണിയനുകളുമായി നടത്തിയ എട്ട് ഘട്ട ചര്‍ച്ചകളില്‍, നിയമങ്ങള്‍ പിന്‍വലിക്കുന്നത് സര്‍ക്കാര്‍ ശക്തമായി തള്ളിക്കളഞ്ഞിരുന്നുവെങ്കിലും ഭേദഗതികള്‍ നടത്താമെന്ന് പറഞ്ഞിരുന്നു.
പ്രശ്നം മികച്ച രീതിയില്‍ പരിഹരിക്കാന്‍ ശ്രമിക്കുകയാണെന്നും നിയമങ്ങള്‍ താത്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ അധികാരമുണ്ടെന്നും സുപ്രീംകോടതി പറഞ്ഞു. ‘ഇത് ജീവിതത്തിന്റെയും മരണത്തിന്റെയും കാര്യമാണ്. കാര്‍ഷിക നിയമങ്ങളെ കുറിച്ച് ഞങ്ങള്‍ക്ക് ആശങ്കയുണ്ട്. പ്രക്ഷോഭം കൊണ്ട് ബാധിക്കപ്പെട്ട ആളുകളുടെ ജീവിതവും സ്വത്തും സംബന്ധിച്ച് ഞങ്ങള്‍ക്ക് ആശങ്കയുണ്ട്. ഏറ്റവും മികച്ച രീതിയില്‍ പ്രശ്നം പരിഹരിക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നു. ഞങ്ങള്‍ക്ക് ഉള്ള അധികാരങ്ങളില്‍ ഒന്ന് നിയമങ്ങള്‍ താത്കാലികമായി നിര്‍ത്തിവെയ്ക്കുക എന്നതാണ്,’ ചീഫ് ജസ്റ്റിസ് പറഞ്ഞു.
‘ഞങ്ങള്‍ക്ക് പ്രശ്നം പരിഹരിക്കാന്‍ ആഗ്രഹമുണ്ട്, അതിനാലാണ് ഞങ്ങള്‍ സമിതി ഉണ്ടാക്കുന്നത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജനുവരി 26ലെ റിപ്പബ്ലിക് ദിന പരേഡില്‍ കര്‍ഷകര്‍ ആഹ്വാനം ചെയ്ത ട്രാക്ടര്‍ റാലി നിര്‍ത്തണമെന്ന ഡല്‍ഹി പൊലീസിന്റെ അപേക്ഷയില്‍ സുപ്രീംകോടതി കര്‍ഷക യൂണിയനുകള്‍ക്ക് നോട്ടീസ് നല്കി.
പ്രധാനമന്ത്രി നരേന്ദ്രമോദി കര്‍ഷകരോട് സംസാരിക്കാന്‍ വിസമ്മതിച്ചതിനാല്‍ സമിതിയില്‍ കര്‍ഷകര്‍ പങ്കെടുക്കില്ലെന്ന് പറഞ്ഞ കര്‍ഷകരുടെ അഭിഭാഷകനായ എം.എല്‍ ശര്‍മയെ ജഡ്ജിമാര്‍ ശാസിച്ചു. ‘ഞങ്ങള്‍ക്ക് പ്രധാനമന്ത്രിയോട് ഒന്നും ചോദിക്കാന്‍ കഴിയില്ല, അദ്ദേഹം ഞങ്ങള്‍ക്ക് മുൻപിലുള്ള കക്ഷിയല്ല,’ ചീഫ് ജസ്റ്റിസ് പറഞ്ഞു. പ്രതിസന്ധി സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതിയില്‍ അതീവ നിരാശയുണ്ടെന്ന് ഇന്നലെ സുപ്രീകോടതി വ്യക്തമാക്കിയിരുന്നു.