ഖത്തർ : ഉപരോധം അവസാനിപ്പിച്ചതോടെ ഖത്തറും സൗദിയും തമ്മിലുള്ള ആദ്യ വിമാന സര്‍വീസിന് തുടക്കമായി. റിയാദ് വിമാനത്താവളത്തിലേക്കാണ് ഖത്തര്‍ എയര്‍വെയ്സിന്റെ ആദ്യ പ്രതിദിന യാത്രാ വിമാനം സര്‍വീസ് നടത്തിയത്. വരും ദിനങ്ങളില്‍ കൂടുതല്‍ സര്‍വീസുണ്ടാകും. ഇതിനിടെ, ബഹ്റൈനും ഖത്തറിന് വ്യോമ പാത തുറന്നു കൊടുത്തു.
മൂന്നര വര്‍ഷത്തെ ഉപരോധത്തിന് ശേഷമാണ് ഖത്തറില്‍ നിന്നും ആദ്യ യാത്രാവിമാനം സൗദിയിലെ റിയാദിലേക്ക് പറന്നിറങ്ങുന്നത്. പ്രതിദിന സര്‍വീസിന്റെ തുടക്കമാണിത്. പിറകെ ജിദ്ദയിലേക്ക് ആഴ്ച്ചയില്‍ നാല് സര്‍വീസും തുടങ്ങും. ദമ്മാമിലേക്കും ഷെഡ്യൂളായി. റിയാദ് വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണമാണ് വിമാനത്തിനും യാത്രക്കാര്‍ക്കും ഒരുക്കിയത്.
ഇതിനിടെ ഖത്തറില്‍ നിന്നുള്ളവര്‍ക്ക് ഉംറ തീര്‍ത്ഥാടനത്തിനായുള്ള ഒരുക്കങ്ങള്‍ ഖത്തറിലെ വിവിധ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ആരംഭിച്ചു. ഇതിനിടെ ഖത്തറുമായി ഉപരോധം അവസാനിപ്പിച്ച ബഹ്റൈനും ഇന്ന് ഖത്തറിന് വ്യോമ പാത തുറന്നു കൊടുത്തു. പുതിയ നീക്കത്തോടെ പ്രതീക്ഷയിലാണ് ജിസിസിയിലെ വ്യാപാര മേഖല.