വയനാട് : ആരോഗ്യ കേരളം വയനാട്, ആരോഗ്യ വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കോവിഡ് ബോധവത്കരണത്തിനായി വാഹന പ്രചാരണം ആരംഭിച്ചു. ജില്ലയില്‍ കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി പത്ത് ദിവസം നീണ്ട് നില്ക്കുന്ന വാഹന പ്രചാരണ പരിപാടിയ്ക്ക് തുടക്കം കുറിച്ചത്. പോസ്റ്റ് കോവിഡ് ലക്ഷണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, കോവിഡ് ലക്ഷണങ്ങള്‍ ഉള്ളവര്‍ പരിശോധന നടത്തേണ്ടതിന്റെ ആവശ്യകത, വയോജനങ്ങളില്‍ കോവിഡ് സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ എന്നീ സന്ദേശങ്ങള്‍ അടങ്ങുന്ന വാഹനങ്ങളാണ് പര്യടനം നടത്തുന്നത്. പരിപാടിയുടെ ഭാഗമായി നിര്‍ദേശങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന വീഡിയോ വാളുകള്‍ അടങ്ങുന്ന രണ്ട് വാഹനങ്ങളാണ് ജില്ലയിലെ വിവിധ പ്രദേശങ്ങളിലായി എത്തുക.
വാഹനത്തിന്റെ ഫ്ളാഗ് ഓഫ് ജില്ലാ പോലീസ് മേധാവി ജി. പൂങ്കുഴലി നിര്‍വ്വഹിച്ചു. പുതിയ ബസ് സ്റ്റാന്റില്‍ നടന്ന പരിപാടിയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്. രേണുക, ആരോഗ്യ കേരളം ഡി.പി.എം ഡോ. ബി. അഭിലാഷ്, മാസ് മീഡിയാ ഓഫീസര്‍ കെ. ഇബ്രാഹിം തുടങ്ങിയവര്‍ പങ്കെടുത്തു