തിരുവമ്പാടി: സിസ്റ്റര്‍ ജ്യോതിസിന്റെ ദുരൂഹ മരണത്തില്‍ തുടരന്വേഷണത്തിനൊരുങ്ങി ക്രൈംബ്രാഞ്ച്. 1998 നവംബര്‍ 20നാണ് കല്ലുരുട്ടി സേക്രട്ട് ഹാര്‍ട്ട് മഠം വളപ്പിലെ കിണറ്റില്‍ സിസ്റ്റര്‍ ജ്യോതിസിനെ (21) മരിച്ചനിലയില്‍ കണ്ടെത്തിയത്. നേരത്തെ ആത്മഹത്യയെന്ന് ലോക്കല്‍ പോലിസ് എഴുതിത്തള്ളിയ കേസാണ് വീണ്ടും അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് ഒരുങ്ങുന്നത്.
സിസ്റ്റര്‍ ജ്യോതിസിന്റെ മരണം അന്വേഷിക്കണം എന്നാവശ്യപ്പെട്ട് കാത്തലിക് ലെയ്മെന്‍സ് അസോസിയേഷന് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതോടെയാണ് കേസ് വീണ്ടും ചര്‍ച്ചയായത്. ഡിജിപി തുടരന്വേഷണത്തിന് ഉത്തരവിട്ടതോടെ ക്രൈംബ്രാഞ്ച് വീണ്ടും ചിലരുടെ മൊഴി രേഖപ്പെടുത്തിയതായാണ് വിവരം.
മരണം സംബന്ധിച്ച് മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് വീണ്ടും അന്വേഷണം. മുങ്ങിമരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞെങ്കിലും ശരീരത്തില്‍ മുറിവുള്ളതായും രക്തം വാര്‍ന്നിരുന്നതായും സൂചിപ്പിച്ചിരുന്നു. ഇതോടെ ദുരൂഹത സംശയിച്ച് നല്കിയ പരാതിയിലാണ് ലോക്കല്‍ പൊലീസ് അന്വേഷണം നടത്തിയത്. എന്നാല്‍ പിന്നീട് ആത്മഹത്യയെന്ന് വിധിയെഴുതുകയായിരുന്നു.