തിരുവനന്തപുരം: താന്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്ന് അഭയ കൊലക്കേസ് പ്രതി ഫാദര്‍ തോമസ് കോട്ടൂര്‍. തിരുവനന്തപുരം സിബിഐ കോടതി വിധി പുറപ്പെടുവിച്ചതിനു പിന്നാലെയാണ് കേസില്‍ ഒന്നാം പ്രതിയായ തോമസ് കോട്ടൂരിന്റെ പ്രതികരണം. കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും താന്‍ നിഷ്കളങ്കനാണെന്നും തോമസ് കോട്ടൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.
“ദൈവം എന്റെ കൂടെയുണ്ട്. ഞാന്‍ ദൈവത്തില്‍ ശരണപ്പെടുന്നു. കുറ്റം ചെയ്തിട്ടില്ല. ഞാന്‍ നിരപരാധിയാണ്. ദൈവത്തിന് ഒരു പദ്ധതിയുണ്ട്. ആ പദ്ധതിയനുസരിച്ച് ഞാന്‍ പ്രവര്‍ത്തിക്കും,” തോമസ് കോട്ടൂര്‍ പറഞ്ഞു. വിചാരണ കോടതി വിധിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കുമോ എന്ന ചോദ്യത്തിനു ‘തനിക്കറിയില്ല’ എന്നാണ് തോമസ് കോട്ടൂര്‍ മറുപടി നല്‍കിയത്. താന്‍ ദൈവത്തില്‍ ശരണപ്പെടുന്നു എന്ന് പലതവണ തോമസ് കോട്ടൂര്‍ ആവര്‍ത്തിച്ചു. ഇങ്ങനെയൊരു വിധി പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കേസിലെ മറ്റൊരു പ്രതിയായ സിസ്റ്റര്‍ സെഫി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് പ്രതികരിച്ചില്ല. കോടതി വിധിക്ക് ശേഷം വാഹനത്തില്‍ ജയിലിലേക്ക് കൊണ്ടുപോകുമ്ബോള്‍ സിസ്റ്റര്‍ സെഫി കഴുത്തിലെ മാലയിലുള്ള കുരിശ് ഉയര്‍ത്തിപ്പിടിച്ചിരിക്കുകയായിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ വിധിയെ കുറിച്ചുള്ള പ്രതികരണം ആരാഞ്ഞപ്പോഴും കുരിശ് ഉയര്‍ത്തിപ്പിടിക്കുക മാത്രമാണ് സെഫി ചെയ്തത്. ഒരക്ഷരം പോലും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി നല്‍കിയില്ല. കേസിന്റെ വിവിധ ഘട്ടങ്ങളില്‍ ഇതുതന്നെയായിരുന്നു സെഫിയുടെ പ്രതികരണം.
അതേസമയം, സിസ്റ്റര്‍ അഭയ കൊലക്കേസ് വിധി പുറപ്പെടുവിച്ച തിരുവനന്തപുരം സിബിഐ കോടതിയില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറി. വിധി കേള്‍ക്കുന്ന നേരത്ത് പ്രതികളായ ഫാദര്‍ തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ പൊട്ടിക്കരഞ്ഞു. ഇരുവര്‍ക്കും ഒപ്പമുണ്ടായിരുന്നവരും കോടതി വിധി കേട്ട് കരഞ്ഞു. വിധി പ്രസ്താവത്തിനു അരമണിക്കൂര്‍ മുന്‍പാണ് പ്രതികളെ കോടതിയിലെത്തിച്ചത്. സിസ്റ്റര്‍ അഭയയുടേത് കൊലപാതകം തന്നെയാണെന്നും തോമസ് കോട്ടൂര്‍, സെഫി എന്നിവര്‍ പ്രതികളാണെന്നും കോടതി വിധിച്ചു. ഇരുവര്‍ക്കുമുള്ള ശിക്ഷ നാളെ പ്രഖ്യാപിക്കും. പ്രതികളെ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചു. തോമസ് കോട്ടൂരിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കും സെഫിയെ അട്ടക്കുളങ്ങര വനിത ജയിലിലേക്കുമാണ് മാറ്റുക.