മസ്ക്കറ്റ് : തൊഴില്‍, താമസ നിയമങ്ങള്‍ ലംഘിച്ച് ഒമാനില്‍ കഴിയുന്നവര്‍ക്ക് പിഴ കൂടാതെ മടങ്ങുന്നതിനായി തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച്ച പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തത് 41,425 പേര്. ഞായറാഴ്ച വരെയുള്ള കണക്കുപ്രകാരമാണ് ഇത്. കഴിഞ്ഞ നവംബര്‍ 15നാണ് പദ്ധതി പ്രകാരമുള്ള രജിസ്ട്രേഷന് ആരംഭിച്ചത്. ഡിസംബര്‍ 31 വരെയാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക.
രജിസ്റ്റര്‍ ചെയ്തവരില്‍ 19,400 പേര് ജോലി നഷ്ടപ്പെട്ടവരും 2100 പേര് തൊഴില്‍ പെര്‍മിറ്റ് ഇല്ലാത്തവരുമാണ്. 18,800 പേരുടെ തൊഴില്‍ പെര്‍മിറ്റ് കാലാവധി അവസാനിച്ചിട്ടില്ല. വിസിറ്റിങ് വിസയില്‍ വന്ന 929 പേരും ഫാമിലി ജോയിനിങ് വിസയില്‍ വന്ന 308 പേരും കുടുംബ വിസയില്‍ വന്ന 222 പേരും രേഖകളില്ലാത്ത 393 പേരും മടങ്ങുന്നതിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് തൊഴില്‍ മന്ത്രാലയത്തിന്റെ കണക്കുകള്‍ കാണിക്കുന്നു. രജിസ്റ്റര്‍ ചെയ്തവരില്‍ ഇന്ത്യക്കാര്‍ പൊതുവെ കുറവാണ്. ബംഗ്ലാദേശ് സ്വദേശികളാണ് കൂടുതലെന്നാണ് അറിയുന്നത്. അനൗദ്യോഗിക കണക്കുകള്‍ പ്രകാരം ഏതാണ്ട് 30,000ത്തിലധികം ബംഗ്ലാദേശ് സ്വദേശികളാണ് നാട്ടിലേക്ക് മടങ്ങുന്നതിനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.