സോളാര്‍ പീഡനക്കേസിലെ അന്വേഷണം ഒരിടവേളയ്ക്ക് ശേഷം ക്രൈംബ്രാഞ്ച് പുനരാരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയത്. മുന്‍ മന്ത്രി എ.പി അനില്‍കുമാറിനെതിരെ സോളാര്‍ സംരംഭക നല്കിയ പീഡന പരാതിയിലാണ് നിര്‍ണായക നടപടി. കേസ് സംബന്ധിച്ച ശരണ്യാ മനോജിന്റെ വെളിപ്പെടുത്തല്‍ രാഷ്ട്രീയ നാടകമെന്ന് പരാതിക്കാരി ആരോപിച്ചു. ഉമ്മന്‍ ചാണ്ടി, എ.പി അനില്‍കുമാര്‍, കെ.സി വേണുഗോപാല്‍, എ.പി അബ്ദുള്ളക്കുട്ടി എന്നിവര്‍ക്കെതിരായ പരാതികളില്‍ ഉറച്ചു നില്‍ക്കുന്നതായും പരാതിക്കാരി പറഞ്ഞു.
സോളാര്‍ കേസ് പ്രതി കൂടിയായ പരാതിക്കാരിയെ മുന്‍ മന്ത്രി എ.പി അനില്‍ കുമാര്‍ വിവിധയിടങ്ങളില്‍ വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി.
ഇതേ തുടര്‍ന്ന് ക്രൈംബ്രാഞ്ച് കഴിഞ്ഞ വര്‍ഷം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍, പിന്നീട് അന്വേഷണം മരവിച്ചു. ഇതിനിടെ കഴിഞ്ഞ മാസം പീഡനം നടന്നുവെന്ന് ആരോപിക്കുന്ന കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ പരാതിക്കാരിയെ എത്തിച്ച് ക്രൈംബ്രാഞ്ച് തെളിവെടുപ്പ് നടത്തിയിരുന്നു. തുടര്‍ന്നാണ് രഹസ്യമൊഴി നിര്‍ദേശം അന്വേഷണ സംഘം മുന്നോട്ട് വെച്ചത്. മറ്റ് നേതാക്കള്‍ക്കെതിരായ പരാതികളിലും ക്രൈംബ്രാഞ്ച്, അന്വേഷണം പുനരാരംഭിച്ചിരുന്നു.