തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പില്‍ കോവിഡ് രോഗികള്‍ക്കുള്ള തപാല്‍ വോട്ട് തുടങ്ങി. തിരുവനന്തപുരം ജില്ലയിലെ വോട്ടെടുപ്പാണ് തുടങ്ങിയത്. തിരുവനന്തപുരത്തിനൊപ്പം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലേക്കുള്ള തപാല്‍ വോട്ടെടുപ്പും ഇന്ന് തുടങ്ങി.
5,331 പേരെയാണ് ഇതുവരെ പ്രത്യേക വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. കോവിഡ് രോഗികള്‍ താമസിക്കുന്ന വീടുകള്‍, ആശുപത്രികള്‍, ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ എന്നിവിടങ്ങളില്‍ സ്പെഷല്‍ പോളിംഗ് ഓഫീസര്‍മാരുടെ നേതൃത്വത്തിലുള്ള സംഘം എത്തിയാണ് വോട്ട് രേഖപ്പെടുത്തുന്നതിനുള്ള സംവിധാനം ഒരുക്കുന്നത്. പിപിഇ കിറ്റ് ധരിച്ചാണ് ഉദ്യോഗസ്ഥരെത്തുന്നത്. വോട്ടറും കിറ്റ് ധരിച്ചിരിക്കണം. ആളെ തിരിച്ചറിയാനാകുന്നില്ലെങ്കില്‍ മുഖം കാണിക്കണമെന്ന് പോളിംഗ് ഓഫീസര്‍ക്ക് ആവശ്യപ്പെടാം. ഇവര്‍ നല്കുന്ന ബാലറ്റ് പേപ്പറില്‍ ഉദ്ദേശിക്കുന്ന സ്ഥാനാര്‍ഥിക്ക് നേരെ പേന ഉപയോഗിച്ച് ടിക്ക് മാര്‍ക്കോ ക്രോസ് മാര്‍ക്കോ ചെയ്ത് കവറിലിട്ട് ഒട്ടിച്ച് മടക്കി നല്‍കണമെന്നാണ് നിര്‍ദ്ദേശം.
തപാലില്‍ അയക്കേണ്ടവര്‍ക്ക് ആ രീതി സ്വീകരിക്കാം. ഇതിനുശേഷം ഓഫീസര്‍ കൈപ്പറ്റിയ രസീത് നല്‍കും. സാധാരണ വോട്ടെടുപ്പ് പോലെ വോട്ടറുടെ വിരലില്‍ മഷി പുരട്ടില്ല.