പാലക്കാട്/ കൊപ്പം: അറബിക്, ഇംഗ്ലീഷ് അക്ഷരങ്ങള്‍കൊണ്ട് കൈവിരലുകളിൽ മാസ്മരികത തീർക്കുകയാണ് വിളയൂര്‍ സ്വദേശിനിയായ ശബാന അഫ് ലഹ എന്ന വിദ്യാര്‍ഥി. അക്ഷരങ്ങളെ വ്യത്യസ്തങ്ങളായ ഛായങ്ങളിൽ എഴുതിത്തീർക്കുമ്പോൾ മഴവില്ലഴകായി മാറി ദൃശ്യവിരുന്നൊരുക്കുന്നു. കാലിഗ്രാഫി എന്ന കലയിൽ കരവിരുതു കാട്ടുന്ന ശബാനയുടെ സൃഷ്ടികള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്.
ലോക്ക്ഡൌൺ കാലത്ത് നേരം പോക്കിനായി തുടങ്ങിയതാണ് ശബാന കാലിഗ്രാഫി പരീക്ഷണം. പള്ളികളിലേയും, വീടുകളിലേയും, മ്യൂസിയങ്ങളിലേയും വാതിലുകളിലും ലൈറ്റുകളിലും ചുമരുകളിലും മനോഹരമായി ചെയ്തിരിക്കുന്ന വടിവൊത്ത അക്ഷരങ്ങൾ മനസ്സിൽ പതിഞ്ഞതു മുതലാണ് തനിക്ക് എന്ത് കൊണ്ട് ഇതൊന്നു പരീക്ഷിച്ചു കൂടാ എന്ന തോന്നലുണ്ടായതെന്ന് ശബാന പറയുന്നു. ഈ ആഗ്രഹങ്ങളുടെ പൂര്‍ത്തീകരണമാണ് ഈ വമനോഹരമായ സൃഷ്ടികള്‍. യൂടൂബിലെ കാലിഗ്രാഫി വീഡിയോകളുടെ സഹായത്തോടെയായിരുന്നു പഠനം. ഒപ്പം വീട്ടുകാരുടെയും ബന്ധുക്കളുടെയും പ്രോത്സാഹനവും. പരീക്ഷണം വിജയിച്ചതോടെ കാലിഗ്രാഫിയിൽ സജീവമാകാൻ തന്നെയാണ് ശബാനയുടെ തീരുമാനം.അറബിക് കാലിഗ്രാഫിയിലൂടെ ഖുർആനിക സൂക്തങ്ങളുടെയും അറബിക് പദങ്ങളുടെയും അക്ഷര സൗന്ദര്യം കേൻവാസിലേക്ക് പകർത്തി പുതു പരീക്ഷണങ്ങൾ തേടുന്ന തിരയ്ക്കിലാണിപ്പോൾ ശബാന. വാൾ ഫ്രെയിംസ്, കപ്പ്, ഗ്ലാസ് പാത്രങ്ങൾ എന്നിവയിലാണ് കാലിഗ്രാഫി ചെയ്യുന്നത്. വീടുകളിലേക്ക് ആവശ്യമായ ഖുർആൻ സൂക്തങ്ങളും, അറബിക് പദങ്ങളും കൂടാതെ ഇംഗ്ളീഷിലുള്ള ബർത്ത്ഡേ, വെഢിംഗ് ഡെ ആശംസകളും ആവശ്യക്കാരുടെ ഇഷ്ടാനുസരണം എഴുതി നൽകും. കേരളത്തിലെവിടേക്കും പോസ്റ്റൽ വഴി അയച്ചു കൊടുക്കുകയും ചെയ്യുന്നുണ്ട്. ഒമാനിൽ ജോലി ചെയ്യുന്ന ബഷീറിന്റെയും ഷാഹിനയുടെയും മകളാണ് പതിമൂന്ന് വയസ്സുകാരിയായ ശബാന. വിളയൂർ ഗവ. ഹൈസ്കൂളില്‍ ഏഴാംക്ലാസിലെയും വിളയൂര്‍ അല്‍ മദ്റസത്തുല്‍ ബദ് രിയ്യയില്‍ എട്ടാം ക്ലാസിലെയും വിദ്യാർത്ഥിനിയാണ് ശബാന. കാലിഗ്രഫികള്ക്ക് വിളിക്കാം 7034167427
