പാലക്കാട് / പട്ടാമ്പി : ദേശമംഗലം ഗ്രാമ പഞ്ചായത്തിലെ 15-ാം വാർഡിലാണ് സിറാജ് പത്രത്തിൻ്റെ പട്ടാമ്പി ലേഖകൻ കെ.കെ.പരമേശ്വരൻ ജനഹിതമറിയാൻ വോട്ടങ്കത്തിന് ഇറങ്ങിയത്. കവി, നാടകപ്രവർത്തകൻ, വിവരാവകാശ പ്രവർത്തകൻ തുടങ്ങിയ നിലയിൽ അറിയപ്പെടുന്ന ആക്ടിവിസ്റ്റ് കൂടിയാണ് പരമേശ്വരൻ.
അതുകൊണ്ടാവാം തെരഞ്ഞെടുപ്പ് ഗോദയിൽ ചെണ്ടകൊട്ടിയുള്ള പ്രചാരണ തന്ത്രമാണ് പയറ്റുന്നത്. അതുകൊണ്ടാണ് നാട്ടുകാർക്കിത് വേറിട്ട കാഴ്ചയാവുന്നത്.

മുൻ കാലങ്ങളിൽ പുതിയ സിനിമകൾ പ്രദർശനത്തിനെത്തുമ്പോൾ സിനിമാ ടാക്കീസുകാർ നോട്ടീസും മറ്റും വിതരണം ചെയ്തിരുന്നത് ചെണ്ട കൊട്ടിയായിരുന്നുവെന്ന് സ്ഥാനാർത്ഥി പരമേശ്വരൻ ഉണർത്തുന്നു.
പരിസ്ഥിതിക്ക് കോട്ടം വരുത്താതെ തെരഞ്ഞെടുപ്പിൽ മത്സരിക്കുക എന്നതാണ് തൻ്റെ ധർമ്മമെന്നും സാമൂഹ്യ പ്രവർത്തകനായ കെ.കെ.പരമേശ്വരൻ പറയുന്നു. മത്സരിക്കുന്ന വാർഡിലെ വീടുകൾക്കു മുൻപിലെത്തി ചെണ്ടകൊട്ടി വീട്ടുകാരെ ക്ഷണിച്ചു വരുത്തി തൻ്റെ തെരഞ്ഞെടുപ്പ് ലക്ഷ്യങ്ങൾ ലളിതമായി വിരദീകരിക്കുകയും, കുശലാന്വേഷണങ്ങൾ നടത്തുകയുമാണ് ഇദ്ദേഹത്തിൻ്റെ പ്രചാരണ രീതി. സ്ഥാനാർത്ഥിക്കൊപ്പം ഭാര്യ ഗീത, വാദ്യ കലാകാരൻ മണികണ്ഠൻ എന്ന മാണിയ്ക്ക്യൻ ആറങ്ങോട്ടുകര, പെട്ടി ഓട്ടോ ഡ്രൈവർ ഹംസ എന്നിവരാണ് പ്രചരണത്തിന്റെ ഭാഗമായത്. എന്തായാലും പരമേശ്വരൻ്റെ ലളിതമായതും വ്യത്യസ്തവുമായ പ്രചരണം നാട്ടുകാർക്കും കൗതുകമായിരിക്കുകയാണ്. ഇനിയത് വോട്ടായി മാറുമോ എന്ന് കണ്ടറിയാം.