പാലക്കാട് /തൃത്താല: വെള്ളിയാങ്കല്ല് തടയണയുടെ പ്രളയത്തിൽ ഒഴുകിപ്പോയ ഷട്ടറിന് പകരം പുതിയ ഷട്ടർ പുനസ്ഥാപിക്കുന്ന പ്രവർത്തികൾ തിങ്കളാഴ്ച ആരംഭിച്ചു.

പ്രളയത്തിൽ ഒഴുകിപ്പോയ ഷട്ടറിന് പകരമുള്ള പുതിയ ഷട്ടർ വെള്ളിയാങ്കല്ലിൽ നാല് ദിവസം മുൻപ് എത്തിച്ചിരുന്നു. ക്രയിൻ ഉപയോഗിച്ച് തിങ്കളാഴ്ച ഷട്ടർ പുനസ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചു. വെള്ളിയാങ്കല്ല് പാലത്തിൽ തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഷട്ടർ പുനസ്ഥാപിക്കുന്ന സാഹചര്യത്തിലാണ് മൂന്ന് ദിവസത്തേക്ക് പാലത്തിന് മുകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. വെള്ളിയാങ്കല്ല് റഗുലേറ്റർ കം ബ്രിഡ്ജിന്റെ സിവിൽ, മെക്കാനിക്കൽ പ്രവൃത്തികൾക്കായി 18.35 കോടി രൂപയാണ് അനുവദിച്ചിട്ടുണ്ട്.ഷട്ടറുകൾ അറ്റകുറ്റപ്പണി നടത്തുന്നതടക്കമുള്ള മെക്കാനിക്കൽ പ്രവൃത്തിക്ക് 1.35 കോടി രൂപയും ഏപ്രണുകളിലെ വിള്ളൽ പരിഹരിക്കുന്നതടക്കമുള്ള സിവിൽ പ്രവൃത്തിക്ക് 17 കോടി രൂപയുമാണ് അനുവദിച്ചത്. റീബിൽഡ് കേരള പദ്ധതിയിലുൾപ്പെടുത്തിയാണ് തുക അനുവദിച്ചിരിക്കുന്നത്.നിലവിൽ ഷട്ടറിന്റെ കുറവ് മൂലം തടയണയിൽ ജലസംഭരണം ആരംഭിക്കാനായിട്ടില്ല. കഴിഞ്ഞയാഴ്ചയിൽ 27 ഷട്ടറുകളിൽ 25 എണ്ണവും താഴ്ത്തി ഭാഗിക ജലസംഭരണം ആരംഭിച്ചിരുന്നെങ്കിലും തുറന്ന് കിടക്കുന്ന ഭാഗത്തുകൂടെ ജലം ഒഴുകിപ്പോവുകയാണ്. നിലവിൽ തടയണയ്ക്കകത്തെ വെള്ളംവറ്റി മണൽത്തിട്ടകൾ പുറത്തുകാണുന്ന നിലയിലാണ്.