സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തിയിട്ടും തീര്ത്ഥാടകരില്ലാത്തതോടെ കെ.എസ്.ആര്.ടി.സി പ്രതിസന്ധിയില്‍. ശബരിമല ദര്‍ശനത്തിന് കെ.എസ്.ആര്.ടി.സി കോട്ടയം ഡിപ്പോയില്‍ എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെങ്കിലും തീര്‍ത്ഥാടകരുടെ വരവ് തീരെ കുറഞ്ഞതാണ് തിരിച്ചടിയായത്.
ശബരിമല സന്നിധാനത്തെ ദര്‍ശന നിയന്ത്രണങ്ങളും സെപ്ഷ്യല്‍ ട്രെയിനുകള്‍ ഇല്ലാത്തതുമാണ് തീര്‍ഥാടകര്‍ കുറയാന്‍ കാരണം. കോട്ടയം- എരുമേലി-പമ്പ സൂപ്പര്‍ ഫാസ്റ്റ് 177രൂപയും ഫാസ്റ്റ് പാസഞ്ചറിന് 93 രൂപയുമാണ് നിരക്ക്. മണ്ഡലപൂജക്ക് നടതുറന്നശേഷം ഇന്നലെ വൈകിട്ട് വരെ രണ്ടു സ്പെഷ്യല്‍ ബസാണ് പമ്പയ്ക്ക് സവീസ് നടത്തിയത്. മുന്‍വര്‍ഷങ്ങളില്‍ നൂറുകണക്കിന് സ്പെഷ്യല്‍ ബസുകളും ആയിരക്കണക്കിന് തീര്‍ഥാടകരും ഉണ്ടായിരുന്ന സ്ഥാനത്താണിത്. അതേസമയം, റെയില്‍വെ സ്റ്റേഷനിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് സേവനങ്ങളൊരുക്കാന്‍ കെ.എസ്.ആര്.ടി.സി 24 മണിക്കൂറും ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. തീര്‍ത്ഥാടകരെത്തിയാല്‍ അപ്പോള്‍ തന്നെ കോട്ടയം ഡിപ്പോയില്‍ നിന്നും സ്പെഷ്യല്‍ ബസ് റെയില്‍വേ സ്റ്റേഷനിലെത്തിക്കാന്‍ സംവിധാനമുണ്ട്. കുറഞ്ഞത് 40 തീര്‍ത്ഥാടകരുണ്ടെങ്കില്‍ മാത്രമേ എരുമേലി വഴി പമ്പയ്ക്ക് ബസ് അയക്കൂ. എരുമേലിയില്‍ ദര്‍ശനവും വിശ്രമവും കഴിഞ്ഞാണ് പമ്പയ്ക്ക് പോകുന്നത്. കോട്ടയം ഡിപ്പോയില്‍ തീര്‍ത്ഥാടകര്‍ക്ക് കോവിഡ് ആന്റിജന്‍ പരിശോധന നടത്തുന്നതിന് രണ്ട് ജീവനക്കാരുടെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പ് പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്.