ചെന്നൈ : നിവാര്‍ ചുഴലിക്കാറ്റ് കരയോട് അടുത്തുകൊണ്ടിരിക്കെ തമിഴ്നാട്ടില്‍ അതീവജാഗ്രത. തമിഴ്നാട്ടിലും പുതുച്ചേരിയിലും നാളെ പൊതുഅവധി പ്രഖ്യാപിച്ചു. ചെന്നൈ തുറമുഖം വൈകിട്ട് ആറിന് അടയ്ക്കും. കപ്പലുകള്‍ സുരക്ഷിത മേഖലയിലേക്ക് മാറ്റുന്ന നടപടികള്‍ തുടങ്ങി. ഇതിനിടെ, തമിഴ്നാടിന്റെ വിവിധ പ്രദേശങ്ങളില്‍ മഴ ശക്തമായി. തീരദേശ, െഡല്റ്റ ജില്ലകളില്‍ ദുരന്ത ലഘൂകരണ പ്രവര്‍ത്തനങ്ങള്‍ യുദ്ധകാല അടിസ്ഥാനത്തില്‍ പുരോഗമിക്കുകയാണ്. ഏഴുജില്ലകളില്‍ പൊതുഗതാഗത സംവിധാനങ്ങള്‍ നിര്‍ത്തി.11 ട്രെയിനുകള്‍ റദ്ദാക്കി. തമിഴ്നാടിനും പുതുച്ചേരിക്കും എല്ലാ സഹായങ്ങളും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു.
മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി സ്ഥിതിഗിതികള്‍ വിലയിരുത്തി. ഗജ ചുഴറ്റിയെറിഞ്ഞ തമിഴ്നാടിന്റെ ഡെല്‍റ്റ, തീരദേശ ജില്ലകളിലൂടെ നിവാര്‍ വരികയാണ്. 2018 ല്‍ 45 ജീവനകളും 56000 ഹെക്ടറിലെ കൃഷിയും ആയിരത്തിലധികം കന്നുകാലികളെയുമാണ് കാറ്റ് ചുഴറ്റിയെറിഞ്ഞത്.നിവാറും സമാന ദുരന്തങ്ങളുണ്ടാക്കിയേക്കുമെന്ന മുന്നറിയിപ്പാണു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്നത്. പുതുകോട്ട, നാഗപട്ടണം, തഞ്ചാവൂര്‍, തിരുവാരൂര്‍ കടലൂര്‍ വില്ലുപുരം, ചെങ്കല്പേട്ടു ജില്ലകളില്‍ ജനങ്ങള്‍ പൂര്‍ണമായിട്ടും വീടുകളിലേക്കു ഒതുങ്ങികഴിഞ്ഞു.
ഒരുമണിമുതല്‍ പൊതുഗാതഗത സംവിധാനങ്ങളൊന്നും നിരത്തിലില്ല. മൂന്നു ദിവസത്തേക്കാവശ്യമായ ഭക്ഷണങ്ങള്‍ ശേഖരിച്ചുവെയ്ക്കാന്‍ ജില്ലാ ഭരണകൂടങ്ങള്‍ നിര്‍ദേശം നല്കി. നാളെ ഉച്ചയോടെ വൈദ്യുത വിതരണം നിലയ്ക്കുന്നതിനാല്‍ എമര്‍ജന്‍സി ലൈറ്റുകള്‍ മൊബൈല്‍ ഫോണുകള്‍ മെഴുകിതിരികള്‍ തുടങ്ങിയ തയാറാക്കി വെയ്ക്കാനും നിര്‍ദേശമുണ്ട്. പുതുച്ചേരിയില്‍ 144 പ്രഖ്യാപിച്ചു.നിലവില്‍ 25 കിലോമീറ്റര്‍ വേഗതയില്‍ തമിഴ്നാട് തീരത്തേക്കു അടുത്തുകൊണ്ടിരിക്കുയാണ് നിവാര്‍.
നാളെ ഉച്ചയോടെ മാമലപുരത്തിനും കാരയ്ക്കലിനും ഇടയിലൂടെ കരയില്‍ പ്രവേശിക്കും.ഈ സമയത്തു 120 കിലോമീറ്റര്‍ വേഗതയുള്ള അതിതീവ്ര ചുഴലിക്കാറ്റായി നിവാര്‍ രൂപം മാറുമെന്നാണ് ചെന്നൈയിലെ മേഖല കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
അറിയിപ്പുണ്ടാകുന്നതുവരെ ആരും കടലില്‍ ഇറങ്ങരുതെന്നു സര്‍ക്കാര്‍ മുന്നറയിപ്പു നല്കി.കേളമ്പാക്കത്തിനും കല്‍പാക്കത്തിനും ഇടയിലൂടെയാകും ചുഴലിക്കാറ്റ് കടന്നുപോകുകയെന്ന പ്രവചനമെത്തിയതോടെ പതിനായിരത്തിനടുത്ത് പേര് താമസിക്കുന്ന കല്പാക്കം ന്യൂക്ലിയാര്‍ റിയാക്ടര്‍ ടൗണ്‍ ഷിപ്പില്‍ നിന്ന് ആളുകള്‍ പുറത്തിറങ്ങുന്നതു വിലക്കി.