തിരുവനന്തപുരം: വിവാദ ശബ്ദരേഖ ചോര്‍ന്ന സംഭവത്തില്‍ സ്വര്‍ണക്കടത്ത് പ്രതി സ്വപ്ന സുരേഷിന്റെ മൊഴി രേഖപ്പെടുത്താന്‍ അനുമതി തേടി ജയില്‍ വകുപ്പ്. ജുഡിഷ്യല്‍ കസ്റ്റഡയില്‍ കഴിയുന്ന കൊഫ പോസ പ്രതിയായതിനാലാണ് സ്വപ്നയുടെ മൊഴി രേഖപ്പെടുത്താന്‍ ജയില്‍ വകുപ്പ് കൊച്ചി എന്‍ഐഎ കോടതിയുടെയുടെയും കസ്റ്റംസിന്റെയും അനുമതി തേടിയത്. സ്വപ്നയെ ചോദ്യം ചെയ്യാന്‍ അനുമതി ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ജയില്‍ വകുപ്പിനെ സമീപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ജയില്‍ വകുപ്പിന്റെ നീക്കം.
ശബ്ദരേഖയില്‍ മൊഴി മാറ്റാന്‍ ഇഡി സമ്മര്‍ദ്ദം ചെലുത്തുന്നുവെന്നടക്കം ഗുരുതര ആരോപണങ്ങള്‍ ഉളളതിനാല്‍ അന്വേഷണം നടത്തണമെന്ന് എന്‍ഫോഴ്സമെന്റും ആവശ്യപ്പെട്ടിരുന്നു.അന്വേഷണത്തിന്റെ ആദ്യഘട്ടം എന്ന നിലയില്‍ ജയിലിലെത്തി സ്വപ്നയുടെ മൊഴിയെടുക്കാന്‍ ജയില്‍ മേധാവി ഋഷിരാജ് സിങ്ങിന് കത്ത് നല്കി.
സ്വപ്ന റിമാന്‍ഡില്‍ ആയതിനാല്‍ കോടതിയുടെ അനുമതിയില്ലാതെ മൊഴിയെടുക്കാനാവില്ല. അതിനാലാണ് ജയില്‍ വകുപ്പ് ക്രൈംബ്രാഞ്ചിന് വേണ്ടി കോടതിയെ സമീപിക്കുന്നത്. കൂടാതെ സ്വപ്നയെ അറസ്റ്റ് ചെയ്തിട്ടുള്ള എന്‍ഐഎ, കസ്റ്റംസ് എന്നീ കേന്ദ്ര ഏജന്‍സികളുടെ അനുമതിയും തേടും. ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക സംഘത്തിനാണ് അന്വേഷണത്തിന്റെ ചുമതല. സൈബര്‍ വിദഗ്ധര്‍ അടക്കമുള്ള ഉദ്യോഗസ്ഥരാണ് പ്രത്യേക അന്വേഷണ സംഘത്തിലുള്ളത്.