ചെന്നൈ : രാജീവ് ഗാന്ധി വധക്കേസിലെ പ്രതി പേരറിവാളനെ വിട്ടയക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കണമെന്ന് ചൂണ്ടിക്കാട്ടി നടന് വിജയ്സേതുപതി തമിഴ്നാട് ഗവര്‍ണര്‍ക്ക് കത്തയച്ചു. ഗവര്‍ണര്‍ക്ക് അന്തിമ തീരുമാനം എടുക്കാമെന്നും അന്വേഷണ ഏജന്‍സിയുടെ അന്തിമ റിപ്പോര്‍ട്ടിനായി കാത്തിരിക്കേണ്ടതില്ലെന്നും സുപ്രീംകോടതി നേരത്തെ ചൂണ്ടിക്കാട്ടിയത് അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി.
സുപ്രീംകോടതി വിധിയെ മാനിച്ച് പേരറിവാളനെ വെറുതെ വിടണമെന്ന് അഭ്യര്‍ഥിക്കുന്നു. അര്‍പ്പുതമ്മാളിന്റെ (പേരറിവാളന്റെ മാതാവ്) 29 വര്‍ഷം നീണ്ട പോരാട്ടം അവസാനിപ്പിക്കുന്നതിന് വേണ്ടി കുറ്റം ചെയ്യാത്ത പേരറിവാളനെ വെറുതെ വിടണമെന്നാണ് തന്റെ അഭ്യര്‍ഥനയെന്ന് വിജയ്സേതുപതി പിന്നീട് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
തന്റെ 19മത്തെ വയസ്സിലാണ് രാജീവ് വധവുമായി ബന്ധപ്പെട്ട് പേരറിവാളന് അറസ്റ്റിലാകുന്നത്. കേസില്‍ ആദ്യം വധശിക്ഷ ലഭിച്ചുവെങ്കിലും പിന്നീട് ജീവപര്യന്തമായി ഇളവു ചെയ്തു. കേസിലെ മറ്റു പ്രതികളായ മുരുകന്, ശാന്തന് എന്നിവരോടൊപ്പമാണ് പേരറിവാളനും ജയിലില്‍ കഴിയുന്നത്.