കൊച്ചി : പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആശുപത്രിയില്‍ കഴിയുന്ന മുന്‍ മന്ത്രി വി കെ ഇബ്റാഹിം കുഞ്ഞിന്റെ മാനസിക, ശാരീരിക ആരോഗ്യനില പരിശോധന ആരംഭിച്ചു. എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിയോഗിച്ച, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. അനിതയുടെ നേതൃത്വത്തിലുള്ള പ്രത്യേക മെഡിക്കല്‍ ബോര്‍ഡാണ് പരിശോധന നടത്തുന്നത്. കൊച്ചിയിലെ ലേക് ഷോര്‍ ആശുപത്രിയിലാണ് ഇബ്റാഹിം കുഞ്ഞ് ചികിത്സയില്‍ കഴിയുന്നത്.
ഈമാസം 24ന് രാവിലെ 11 ന് മുൻപ് മെഡിക്കല്‍ റിപ്പോര്‍ട്ട് നല്കാന് കോടതി നിര്‍ദേശിച്ചിരുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇബ്റാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷയും വിജിലന്‍സിന്റെ കസ്റ്റഡി അപേക്ഷയും കോടതി പരിഗണിക്കുക. മെഡിക്കല്‍ ബോര്‍ഡില്‍ ജനറല്‍ ആശുപത്രിയിലെ അഞ്ച് സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ അംഗങ്ങളായുണ്ട്.
