ന്യൂഡല്‍ഹി: വ്യക്തികളുടെ സുരക്ഷ മുന്‍നിര്‍ത്തി ടിക് ടോക്കും പബ്ജിയും അടക്കമുള്ള ചൈനീസ് ആപ്പുകള്‍ അടുത്തിടെയാണ് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്. ഗെയിമിംഗ് ആരാധകര്‍ക്കിടിയിലെ പ്രിയപ്പെട്ട താരമായിരുന്നു പബ്ജി. അതുപോലെ വീഡിയോ ആപ്പുകളുടെ കാര്യത്തില്‍ ഒന്നാം സ്ഥാനം ടിക്ക് ടോക്കിനുമായിരുന്നു. പബ്ജി ഇന്ത്യയിലേക്ക് തിരിച്ചുവരുന്നു എന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് പബ്ജിക്ക് പിന്നാലെ ടിക്ക് ടോക്കും ഇന്ത്യയിലേക്ക് തിരിച്ച് വരവിന് ഒരുങ്ങുകയാണ്.
കേന്ദ്ര സര്‍ക്കാരിന്റെ സുരക്ഷാ ആവശ്യകത പാലിക്കാന്‍ കമ്പനി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ‘ഇത് നല്ലൊരു തുടക്ക’മായിരിക്കുമെന്നും ടിക് ടോക്ക് മേധാവി നിഖില്‍ ഗാന്ധി ജീവനക്കാര്‍ക്ക് അയച്ച കത്തില്‍ പറയുന്നു. ഞങ്ങള്‍ വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. സര്‍ക്കാരിന് കൂടുതല്‍ വ്യക്തത വേണമെങ്കില്‍ ഇനിയും ചര്‍ച്ചകള്‍ നടത്താന്‍ തയ്യാറാണ്. ടിക് ടോക് മേധാവി പറഞ്ഞതായി ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതയക്കും സുരക്ഷയ്ക്കും ഭീഷണിയാകുമെന്ന വിലയിരുത്തലോടെയാണ് പബ്ജി അടക്കമുള്ള 117 ആപ്പുകള്‍ക്ക് ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തിയത്. ഡേറ്റാ സുരക്ഷയും പൗരന്മാരുടെ സ്വകാര്യത സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും കണക്കിലെടുത്ത് വിവര സാങ്കേതികവിദ്യ നിയമത്തിലെ 69എ വകുപ്പ് പ്രകാരമായിരുന്നു നിരോധനം.