കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ അല്‍ഖാഇദ ആക്രമണം നടത്താന്‍ പദ്ധതിയിടുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ‘സ്ലീപ്പര്‍ സെല്ലു’കളെ ഉപയോഗിച്ച് ആക്രമണം നടത്താനാണ് പദ്ധതിയെന്നും അന്വേഷണ സംഘം നവംബര്‍ അഞ്ചിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്‍.ഐ.എ പിടികൂടിയ അല്‍ഖാഇദ ഭീകരനില്നിന്നാണ് ഈ വിവരങ്ങള്‍ ലഭ്യമായത്. വിദേശരാജ്യങ്ങളിലുള്ളവരെ ഉപയോഗിച്ച് അല്‍ഖാഇദയുടെ പ്രാദേശികമായി ആളുകളെ സംഘടിപ്പിക്കാന്‍ ശ്രമിച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ പാക്കിസ്ഥാൻ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ഖാഇദ ബംഗാളില്‍നിന്ന് ആളുകളെ റിക്രൂട്ട് ചെയ്തതായാണ് വിവരം. ബംഗാളിലെ നിരവധി രാഷ്ട്രീയ പ്രവര്‍ത്തകരെ അല്‍ഖാഇദ ഉന്നംവെച്ചിരുന്നതായി എന്‍.ഐ.എ വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.
ബംഗാളിലെ ജനങ്ങളെ തീവ്രവാദത്തിലേക്ക് എത്തിക്കുന്നതിനുവേണ്ടി പാക്കിസ്ഥാനിലെ കറാച്ചിയിലും പെഷാവറിലും റിക്രൂട്ട്മെന്റ് സംഘടിപ്പിച്ചിരുന്നു. ഈ നീക്കവുമായി ബന്ധപ്പെട്ട് 11 തീവ്രവാദികളെ എന്‍.ഐ.എ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
