കാസര്‍ഗോഡ്: നടി ആക്രമിക്കപ്പെട്ട കേസില്‍, മാപ്പുസാക്ഷിയായ വ്യക്തിയെ മൊഴിമാറ്റി പറയാന്‍ ഭീഷണിപ്പെടുത്തിയത് കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എയുടെ സെക്രട്ടറിയെന്ന് ബേക്കല്‍ പോലീസ്. ഗണേഷ് കുമാര്‍ എം.എല്‍.എയുടെ ഓഫിസ് സെക്രട്ടറി പ്രദീപ് കുമാറാണ് സാക്ഷിയെ ഭീഷണിപ്പെടുത്തിയതെന്ന് കാണിച്ച് ബേക്കല്‍ പോലീസ് ഹോസ്ദുര്‍ഗ്ഗ് ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
കഴിഞ്ഞ ജനുവരി 23ന്, പ്രോസിക്യൂഷന് പ്രധാന സാക്ഷിയും ബേക്കല്‍ സ്വദേശിയുമായ ബിബിന്‍ ലാലിനെ തേടി പ്രദീപ് കുമാര്‍ ബേക്കലിലെത്തിയിരുന്നു. തൃക്കണ്ണാടുള്ള ബന്ധു വീട്ടിലെത്തിയ പ്രദീപ്, ബിപി നേരിട്ട് കാണാന്‍ പറഞ്ഞതിനാല്‍, ബിബിന്റെ അമ്മാവന് ജോലിചെയ്യുന്ന കാഞ്ഞങ്ങാട്ടെ ജ്വല്ലറിയിലേക്ക് പോയി. തുടര്‍ന്ന്, ബിബിന്റെ അമ്മയെ ബന്ധപ്പെടുകയും പിന്നീട് മൊഴിമാറ്റാന്‍ ആവശ്യപ്പെട്ട് സമ്മര്‍ദ്ദം ചെലുത്തുകയും ആയിരുന്നു. കത്തുകളിലൂടെയും ഭീഷണി തുടര്‍ന്നതോടെ സെപ്റ്റംബര്‍ 26ന് ബേക്കല്‍ പോലീസില്‍ പരാതി നല്‍കിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്.
ലോഡ്ജില്‍ പ്രദീപ് നല്കിയ തിരിച്ചറിയല്‍ രേഖകള്‍, ജ്വല്ലറിയിലെ സിസിടിവി ദൃശ്യങ്ങള്‍ എന്നിവ കണ്ടെത്തിയതോടെയാണ് പോലീസ് ആളെ തിരിച്ചറിഞ്ഞത്. ഇതേതുടര്‍ന്ന് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു.
