ഡൽഹി : വ്യാജ കോള്‍ സെന്റര്‍ വഴി ഒരു വര്‍ഷം കൊണ്ട് എട്ടുകോടി രൂപ തട്ടിയ സംഘം ഡല്‍ഹിയില്‍ പിടിയിലായി.
സൈബര്‍ ക്രൈം യൂണിറ്റ് നടത്തിയ റെയ്ഡിലാണ് ഡല്‍ഹി രാജൗരി ഗാര്‍ഡനില്‍ പ്രവര്‍ത്തിക്കുന്ന വ്യാജ കോള്‍ സെന്ററിലെ 17 പേര് പിടിയിലായത്.
റെയ്ഡില്‍ ഇരുപത് കമ്പ്യൂട്ടറുകൾ പിടിച്ചെടുത്തിട്ടുണ്ട്. പ്രധാന പ്രതിയും കോള്‍ സെന്ററിന്റെ ഉടമയുമായ സാഹില്‍ ദിലാവരിയടക്കം 17പേരാണ് അറസ്റ്റിലായത്.
യു.എസിലെയും കാനഡയിലെയും പൗരന്മാരെ ലക്ഷ്യമിട്ടാണ് വ്യാജ കോള്‍ സെന്റര്‍ പ്രവര്‍ത്തിച്ചിരുന്നത്. ആളുകള്‍ക്ക് അവരുടെ കമ്ബ്യൂട്ടര്‍ സിസ്റ്റങ്ങള്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടെന്നും മാല്‍വെയര്‍ / വൈറസ് പോലെയുള്ളവ കമ്പ്യൂട്ടറിനെ ബാധിച്ചിട്ടുണ്ടെന്നുമുള്ള തരത്തില്‍ പോപ്പ്-അപ്പുകള്‍ അയച്ചാണ് തട്ടിപ്പ് നടത്തുന്നത്.
അവര്‍ക്ക് വേണ്ട സാങ്കേതിക സഹായം നല്‍കാമെന്ന് മെസ്സേജ് ചെയ്ത് പണം തട്ടുന്നതാണ് സംഘത്തിന്റെ രീതി. മൈക്രോസോഫ്റ്റ് പ്രതിനിധികളാണെന്ന രീതിയില്‍ ആണ് ഇവര്‍ ആളുകളെ ഫോണിലൂടെ വിശ്വസിപ്പിക്കുന്നത്. പോലീസ് നൽകിയ റിപ്പോർട്ട് 2268 പേരില്‍ നിന്ന് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ എട്ടു കോടിയോളം രൂപയാണ് ഇവര്‍ തട്ടിയെടുത്തത്. ഡല്‍ഹി രാജൗരി ഗാര്‍ഡനില്‍ മൂന്ന് വര്‍ഷത്തോളമായി ഈ തട്ടിപ്പ് സംഘം പ്രവര്‍ത്തിച്ചിരുന്നതായും പൊലീസ് പറഞ്ഞു.
