തിരുവനന്തപുരം: ലൈഫ് മിഷന് കരാര്‍ ലഭിക്കുന്നതിന് വേണ്ടി യുണിടാക് ഉടമ സന്തോഷ് ഈപ്പന് സ്വപ്ന സുരേഷിന് നല്കിയ ഐഫോണുകള്‍ പിടിച്ചെടുക്കാന്‍ വിജിലന്‍സ് തീരുമാനം. ഐഫോണ്‍ ലഭിച്ച എല്ലാവര്ക്കും വിജിലന്‍സ് നോട്ടീസ് നല്‍കും. പേയാട് സ്വദേശി പ്രവീണിന് ലഭിച്ച ഐഫോണ്‍ വിജിലന്‍സ് നേരത്തെ പിടിച്ചെടുത്തിരുന്നു. മറ്റ് ഫോണുകള്‍ കൂടി പിടിച്ചെടുക്കാനുളള നീക്കമാണ് വിജിലന്‍സ് നടത്തുന്നത്.
സന്തോഷ് ഈപ്പന് ആകെ വാങ്ങിയത് ഏഴ് മൊബൈല്‍ ഫോണുകളാണെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം. അതില്‍ മൊബൈല്‍ ലഭിച്ച അഞ്ച് പേരുടെ വിശദാംശങ്ങള്‍ എന്‍ഫോഴ്സ്മെന്റിന് ലഭിച്ചിട്ടുണ്ട്. പരസ്യ കമ്ബനി ഉടമ പ്രവീണ്‍, എയര്‍ അറേബ്യ മാനേജര്‍ പത്മനാഭ ശര്‍മ്മ, എം ശിവശങ്കര്‍, സന്തോഷ് ഈപ്പന്, കോണ്‍സുലേറ്ര് ജനറല്‍ എന്നിവരാണ് അഞ്ച് പേര്. അഡീഷണല്‍ പ്രോട്ടോകോള്‍ ഓഫീസര്‍ രാജീവന്, കൊല്ലം സ്വദേശി ജിത്തു എന്നിവരാണ് ബാക്കി രണ്ട് ഫോണുകള്‍ ഉപയോഗിക്കുന്നത്. ഇവരുടെ കാര്യത്തില്‍ ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നാണ് ഇ ഡിയുടെ നിലപാട്.
കോണ്‍സുലേറ്റ് ജനറലിന് ആദ്യം നല്കിയ ഫോണ്‍ തിരികെ നല്കി. പകരം പുതിയത് വാങ്ങി നല്കി. കോണ്‍സുലേറ്റ് ജനറല്‍ മടക്കി നല്കിയ ഫോണ്‍ ഉപയോഗിക്കുന്നത് യുണിടാക് ഉടമ സന്തോഷ് ഈപ്പന് തന്നെയാണ്. 1.19 ലക്ഷം രൂപായാണ് ഈ ഫോണിന്റെ വില. ഏറ്റവും വിലകൂടിയ ഫോണ്‍ ആര്‍ക്ക് കിട്ടിയെന്ന രാഷ്ട്രീയ വിവാദങ്ങള്‍ മുറുകുന്നതിനിടെയായിരുന്നു ഫോണുകള്‍ കൈവശമുളളവരുടെ കാര്യത്തില്‍ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ വ്യക്തത വരുത്തിയത്.
