തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനം ഉടനുണ്ടായേക്കും. 15 മുതല്‍ സ്കൂളുകള്‍ തുറക്കാന്‍ തയ്യാറാണെന്ന് കാണിച്ച് വിദ്യാഭ്യാസ വകുപ്പ് സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ട്. സുരക്ഷിത അകലം പാലിച്ച് പ്രത്യേക ബാച്ചുകളായി തിരിച്ച് 10,12 ക്ലാസ്സുകാർക്ക് മാത്രമായിരിക്കും ക്ലാസുകൾ ഉണ്ടാകുക. എന്നാല്‍ സംസ്ഥാനത്ത് കോവിഡ് രോഗാവസ്ഥ പലയിടത്തും ശക്തമായി തുടരുന്നതിനാല്‍ ഇത്തരം ഭാഗങ്ങളില്‍ ആരോഗ്യ വിദഗ്ധരുമായി ചര്‍ച്ച ചെയ്താകും ക്ലാസുകൾ ആരംഭിക്കുക. നിലവില്‍ രാജ്യത്ത് ഉത്തര്‍പ്രദേശിലും പുതുച്ചേരിയിലും മാത്രമാണ് സ്കൂളുകള്‍ തുറന്നത്. തമിഴ്നാട്ടില്‍ 16ന് ക്ലാസുകൾ ആരംഭിക്കും.
ഒക്ടോബര്‍ 15 മുതല്‍ സ്കൂളുകള്‍ തുടങ്ങാമെന്ന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും മിക്ക സംസ്ഥാനങ്ങളും തയ്യാറായിരുന്നില്ല. സംസ്ഥാനത്ത് പത്ത്, പന്ത്രണ്ട് ക്ലാസ്സുകൾക്ക് പരീക്ഷകള്‍ക്ക് മാസങ്ങള്‍ മാത്രം അവശേഷിക്കുന്നതിനാല്‍ രക്ഷകര്‍ത്താക്കളുടെ ആശങ്ക പരിഹരിക്കാനാണ് ഇവര്‍ക്ക് കോവിഡ് സുരക്ഷ ചട്ടം പാലിച്ച്
ക്ലാസ് തുടങ്ങാമെന്ന് തീരുമാനിച്ചത്. എങ്കിലും കോവിഡ് രൂക്ഷമായ മേഖലകളില്‍ ക്ലാസ് ഉണ്ടാകില്ല.
