പാലക്കാട് / കുലുക്കല്ലൂർ : മാനേജ് മെന്റ് പ്രതിനിധികളുടെ അഭിപ്രായ ഭിന്നതയും കുടുംബ സ്വത്തുതർക്കവും മൂലം നാഥനില്ലാകളരിയായ് തീർന്ന മുളയൻകാവ് യു .പി.സ്കൂളിന്ന് അതിജീവനത്തിൻ്റെ പാതയിലാണ്. ഒരു നാടിൻ്റെ കൂട്ടായ്മയിലാണ് സ്കൂളിൻ്റെ പഴയ കാല പ്രതാപം തിരിച്ചുപിടിയ്ക്കുന്നത്. മുളയൻ കാവിൻ്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1922ൽ എഴുത്ത്പള്ളി കൂടമായി ആരംഭിച്ചതാണ്. 1940 ൽ ദേശസ്നേഹിയായിരുന്ന ചുണ്ടംമ്പറ്റ ശ്രീമാൻ കുഞ്ഞുകുട്ടൻ തിരുമുൽപ്പാടിൻ്റെ നേതൃത്വത്തിലാണ് സ്കൂളായി ഏറ്റെടുക്കുന്നത്.2000 വരെ നിറഞ്ഞ ക്ലാസുകളിലാണ് സ്ക്കൂൾ പ്രവർത്തിച്ചിരുന്നത്.പിന്നീടാണ് അവകാശ തർക്കങ്ങളും, അസ്വാരസ്യങ്ങളും ഉടലെടുത്തത്.സ്വത്ത് തർക്കം അവസാനം കോടതിയിലുമെത്തി ഇത് സ്കൂളിൻ്റെ നിലനിൽപ്പിനെ തന്നെ സാരമായി ബാധിച്ചു. 2016 ൽ നൂറ് കുട്ടികൾ മാത്രമായി ചുരിങ്ങിയത് ഒരു നാടിനെ തന്നെ വിഷമത്തിലാക്കി. സ്വത്ത് തർക്കത്തെ തുടർന്ന് മാനേജ്മെൻ്റ് ശ്രദ്ധിയ്ക്കാതായതോടെയാണ് കുട്ടികളൾ സ്ക്കുളിൽ ചേരാൻ വരാതെയായത്.നിലവിൽ ഉള്ള കുട്ടികൾ തന്നെ മറ്റ് സ്ക്കൂളുകളിലേക്ക് മാറി പോവുകയും ചെയ്തു. തന്നെയുമല്ല കെട്ടിടങ്ങളുടെ അറ്റകുറ്റപണികൾ നടത്താതേയും, അധ്യാപകരുടെ കുറവുകൊണ്ടും നൂറ്റാണ്ടിൻ്റെ പടിവാതിൽക്കലെത്തി നിൽക്കുന്ന ഈ വിദ്യാലയത്തിൻ്റെ നിലനിൽപ്പുതന്നെ അപകടകരമായ സ്ഥിതിയിലായി. ഈ വേളയിലാണ് മുളയൻ കാവിലെ കുറച്ച് നല്ല മനസ്സുകൾ ചേർന്ന് സ്കൂൾ കർമ്മസമിതി രൂപീകരിച്ച് സ്കൂളിന് പുതുജീവൻ നൽകാനായി മുന്നിട്ടിറങ്ങിയത്. പൂർവ്വ വിദ്യാർത്ഥികളും, സന്നദ്ധ സംഘടനകളും നാട്ടുകാരും സഹായത്തിനെത്തി.

ആദ്യം കെട്ടിടങ്ങളുടെ അറ്റകുറ്റപണികൾ നടത്തി ആവശ്യമായ ബഞ്ചും, ഡസ്ക്കുകളും നിർമ്മിച്ചു. കുഴൽ കിണർ നിർമിച്ചു. കുടിവെള്ളം ശുദ്ധീകരിച്ചു.2017 മുതൽ പ്രീ പ്രൈമറി ക്ലാസുകൾ തുടങ്ങി. ഇതിനായി ഒരുക്കിയ ക്ലാസ് മുറികൾ ടൈൽസ് വിരിച്ചു. ഇപ്പോൾ നാട്ടുകാരുടെ സഹായത്തോടെ ആസ്പറ്റോസ് ഷീറ്റുകൾ മേഞ്ഞ ഹാളുകൾ മാറ്റി ഇരുമ്പ് കഴുക്കോലും, പട്ടികയിലും തീർത്ത് ഓട് മേയുന്ന പ്രവൃത്തികളാണ് നടന്നു വരുന്നത്. ഒരു ഹാൾ പൂർണ്ണമായും ഓട് മേഞ്ഞിട്ടുണ്ട്. 7 ലക്ഷം രൂപയാണ് ഇതിനായി ചിലവ് കണക്കാക്കിയിട്ടുള്ളത്. ആസ്പസ്റ്റോസ് ഷീറ്റുകൾ മേഞ്ഞ ഹാളുകൾക്ക് നിലവിൽ ഫിറ്റ്നസ് കൊടുക്കേണ്ടെന്ന കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് സാമ്പത്തിക പരാധീനതയിലും ഈ പ്രവൃത്തികൾ ഏറ്റെടുക്കാൻ കമ്മസമിതിയും, സ്കൂൾ പി.ടി.എ യും മുന്നോട്ടുവന്നത് നാട്ടുകാരുടെ അകമഴിഞ്ഞ സഹായ സഹകരണങ്ങൾ ലഭിയ്ക്കുമെന്ന പ്രതീക്ഷയിലാണെന്ന് സ്കൂൾ പി.ടി.എ പ്രസിഡണ്ട് കെ.ബാലഗംഗാധരനും, കർമ്മസമിതി രക്ഷാധികാരി കെ.രാജഗോപാലനും പറഞ്ഞു. മാനേജ്മെൻ്റിൻ്റെ സ്വത്ത് തർക്കം പരിഹരിക്കപെടാത്തതിനാൽ ഇപ്പോൾ ഷൊർണ്ണൂർ എ.ഇ.ഒ.യ്ക്കാണ് സ്കൂളിൻ്റെ ഭരണ ചുമതല. തുളസീധരൻ മാസ്റ്ററാണ് സ്കൂളിൻ്റെ പ്രധാന അധ്യാപകൻ. ഇപ്പോൾ 180 ഓളം കുട്ടികൾ പഠിയ്ക്കുന്നുണ്ട് ഈ വിദ്യാലയത്തിൽ. അതു കൊണ്ടു തന്നെ ഒരു നാടിൻ്റെ കൂട്ടായ്മയിൽ പഴയ കാലം തിരിച്ചുപിടിയ്ക്കാനൊരുങ്ങുകയാണ് മുളയൻകാവ് യു പി സ്ക്കൂൾ.