തിരുവനന്തപുരം: കേരളത്തില്‍ വടക്ക് കിഴക്കന്‍ കാലവര്‍ഷം ദുര്‍ബലമായിരുന്നു. സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ ഒറ്റപ്പെട്ട മഴ ലഭിച്ചപ്പോള്‍ ലക്ഷദ്വീപില്‍ വരണ്ട കാലാവസ്ഥയായിരുന്നു. ഇടുക്കി ജില്ലയിലെ പീരുമേടാണ് ഏറ്റവുമധികം മഴ ലഭിച്ചത്, ആറ് സെന്റിമീറ്റര്‍. കൊടുങ്ങല്ലൂരില്‍ അഞ്ച് സെന്റിമീറ്റര്‍ മഴയും പുനലൂര്‍, ആര്യങ്കാവ്, ഇടുക്കി എന്നിവിടങ്ങളില്‍ മൂന്ന് സെന്റിമീറ്റര്‍ മഴയും രേഖപ്പെടുത്തി.
അതേസമയം അടുത്ത അഞ്ച് ദിവസവും കേരളത്തില്‍ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. നവംബര്‍ രണ്ട് വരെ സംസ്ഥാനത്ത് മഴയും ലക്ഷദ്വീപില്‍ വരണ്ട കാലാവസ്ഥയുമായിരിക്കും. നവംബര്‍ 01, 02 തീയതികളില്‍ കേരളത്തിലും മാഹിയിലും ഇടിമിന്നല്‍ മുന്നറിയിപ്പും ശക്തമായ മഴ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
01-11-2020: പത്തനംതിട്ട
02-11-2020: പത്തനംതിട്ട, ഇടുക്കി
കഴിഞ്ഞ 24 മണിക്കൂറില്‍ സംസ്ഥാനത്തെ താപനിലയില്‍ കാര്യമായ മാറ്റമില്ല. കുറഞ്ഞ താപനില സാധാരണ നിലയില്‍ തന്നെ സംസ്ഥാനത്ത് തുടര്‍ന്നു. പുനലൂരിലാണ് ഏറ്റവും കൂടുതല്‍ താപനില രേഖപ്പെടുത്തിയത്, 34 ഡിഗ്രി സെല്‍ഷ്യസ്. പുനലൂരിലും വെള്ളനിക്കരയിലും 21 ഡിഗ്രി സെല്‍ഷ്യസ് താപനിലയും രേഖപ്പെടുത്തി.