ന്യൂഡല്‍ഹി : മൊറട്ടോറിയം കാലത്തെ ബാങ്ക് വായ്പകളുടെ പിഴപ്പലിശ ഒഴിവാക്കി കൊണ്ടുളള മാര്‍ഗരേഖ പുറത്തിറങ്ങി. രണ്ട് കോടി രൂപ വരെയുളള വായ്പകളുടെ പിഴപ്പലിശയാണ് ഒഴിവാക്കുക. സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരമാണ് നടപടി. കേന്ദ്ര ധനമന്ത്രാലയമാണ് മാര്‍ഗരേഖ പുറത്തിറക്കിയത്.
പിഴപ്പലിശ ഒഴിവാക്കാന്‍ സര്‍ക്കാര്‍ 6500 കോടി രൂപയാണ് ബാങ്കുകള്‍ക്ക് നല്‍കുന്നത്. മൊറട്ടോറിയം കാലത്തെ വായ്പകളുടെ പലിശ കൂടി ഒഴിവാക്കണമെന്ന ആവശ്യവും സുപ്രീംകോടതിക്ക് മുൻപിലുണ്ട്. ഭവന, വിദ്യാഭ്യാസ,വാഹന വായ്പകള്‍, ക്രെഡിറ്റ് കാര്‍ഡ് വായ്പകള്‍, എം.എസ്.എം.ഇ വായ്പകള്‍ തുടങ്ങിയവയുടെ കൂട്ടുപലിശയാണ് ഒഴിവാക്കുക. ഇതില്‍ കാര്‍ഷിക വായ്പകള്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
മൊറട്ടോറിയം കാലത്തെ ബാങ്ക് വായ്പകളുടെ കൂട്ടുപലിശ ഒഴിവാക്കുമെന്ന് കഴിഞ്ഞ ആഴ്ച കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. തീരുമാനം എടുത്തെങ്കില്‍ എന്തുകൊണ്ട് അത് നടപ്പാക്കുന്നില്ല എന്ന് വിമര്‍ശിച്ച സുപ്രീംകോടതി നവംബര്‍ രണ്ടിനകം ഉത്തരവിറക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പരാമര്‍ശം നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കൂട്ടുപലിശ ഒഴിവാക്കി കൊണ്ടുളള മാര്‍ഗരേഖ ധനമന്ത്രാലയം പുറപ്പെടുവിച്ചിരിക്കുന്നത്.
