തിരുവനന്തപുരം : കോട്ടയം – നിലമ്പൂർ റോഡ് പാസഞ്ചര്‍ ട്രെയിന്‍ ഉള്‍പ്പെടെ രാജ്യത്തെ 358 പാസഞ്ചര്‍ തീവണ്ടികള്‍ എക്സ്പ്രസുകളാക്കി മാറ്റി. വരുമാന വര്‍ധന ലക്ഷ്യമിട്ടാണ് റെയില്‍വേ പരിഷ്കാരം. കേരളത്തിലെ പത്ത് പാസഞ്ചറുകള്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സ്റ്റോപ്പുകളുടെ എണ്ണം കുറച്ച് യാത്രാ നിരക്ക് വര്‍ധിപ്പിക്കാനും തീരുമാനം. ട്രെയിന്‍ ഗതാഗതം സാധാരണ രീതിയിലാകുമ്പോൾ ഈ പരിഷ്കാരം പ്രാബല്യത്തില്‍ വരും.
പാസഞ്ചര്‍ ട്രെയിനുകള്‍ എക്സ്പ്രസുകളും എക്സ്പ്രസുകളെ സൂപ്പര്‍ ഫാസ്റ്റുകളുമാക്കാനാണ് റെയില്‍വേ തീരുമാനം. പാസഞ്ചറിലെ ഏറ്റവും കുറഞ്ഞ യാത്രാനിരക്ക് 10 രൂപയാണ്. എക്സ്പ്രസുകളായി മാറുമ്പോൾ ചുരുങ്ങിയ നിരക്ക് 30 രൂപയാവും. പാസഞ്ചറുകളില്‍ സ്ലീപ്പര്‍, എ.സി ഉള്‍പ്പെടെയുള്ള കോച്ചുകള്‍ വരും.നാഗര്‍കോവില്‍ – കോട്ടയം, കോയമ്പത്തൂർ – മംഗലാപുരം സെന്‍ട്രല്‍, ഗുരുവായൂര്‍ – പുനലൂര്‍, തൃശൂര്‍ – കണ്ണൂര്‍, കണ്ണൂര്‍ – കോയമ്പത്തൂർ, മംഗലാപുരം സെന്‍ട്രല്‍ – കോഴിക്കോട്, പുനലൂര്‍ – മധുര, പാലക്കാട് ടൗണ്‍ – തിരുച്ചിറപ്പള്ളി, പാലക്കാട് – തിരുച്ചെന്തൂര്‍ എന്നിവയാണ് കേരളത്തില്‍ നിന്ന് ഇടം പിടിച്ച എക്സ്പ്രസുകള്‍. വേഗം കൂടുന്നതോടെ യാത്രക്കാര്‍ക്ക് സമയ ലാഭവും ഉണ്ടാവും.
