തിരുവനന്തപുരം : ബിജെപി നേതാവ് കുമ്മനം രാജശേഖരനെതിരായ സാമ്പത്തിക തട്ടിപ്പ് പരാതി ഉടന്‍ തീര്‍പ്പാക്കും. ആറന്മുള സ്വദേശിയായ പരാതിക്കാരന് മുഴുവന്‍ പണവും തിരികെ നല്‍കുമെന്ന് സ്ഥാപന ഉടമ അറിയിച്ചു. പ്രശ്ന പരിഹാരത്തിന് വലിയ രാഷ്ട്രീയ സമ്മര്‍ദ്ദമുള്ളതായാണ് സൂചന.
തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കുമ്മനം രാജശേഖരന് സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതിയായതിന്റെ അങ്കലാപ്പിലാണ് ബിജെപി. അതിനാല്‍ കുമ്മനം നാലാംപ്രതിയായ കേസ് നിയമ നടപടികളിലേക്ക് കടക്കുംമുമ്പ് പരിഹരിക്കാനാണ് ശ്രമം.
പരാതിക്കാരനായ ആറന്മുള സ്വദേശി ഹരികൃഷ്ണന് പണം തിരികെ നല്‍കാമെന്ന് ന്യൂഭാരത് ബയോടെക്നോളജീസ് ഉടമ വിജയന് സന്നദ്ധത അറിയിച്ച സാഹചര്യത്തില്‍ നടപടികള്‍ വേഗത്തിലാകും. ഇരുവരും തമ്മില്‍ അടുത്തു തന്നെ കൂടിക്കാഴ്ചയുണ്ടാകും. പ്രശ്നം വേഗം തീര്‍പ്പാക്കണമെന്ന നിര്‍ദേശം ആര്‍എസ്എസ് നേതൃത്വവും മുന്നോട്ടുവെച്ചിട്ടുണ്ട്.
ആറന്മുളയിലെത്തിയ കുമ്മനം രാജശേഖരന് പാര്‍ട്ടിയിലെ തന്റെ അടുപ്പക്കാരുമായും വിഷയം ചര്‍ച്ച ചെയ്തു. ഇടപെടലിന് ചിലരെ ചുമതലപ്പെടുത്തിയതായും സൂചനയുണ്ട്.
അതേസമയം പാരതിക്കാരന് നിരവധി പേരെ താന്‍ പരിചയപ്പെടുത്തിക്കൊടുത്തിരുന്നുവെന്ന് കേസിലെ ഒന്നാം പ്രതിയും കുമ്മനത്തിന്റെ മുന്‍ പി.എയുമായ പ്രവീണ്‍ വ്യക്തമാക്കി. എന്നാല്‍ സാമ്പത്തിക ഇടപാടില്‍ പങ്കില്ലെന്നും ഇയാൾ പറഞ്ഞു.
ന്യൂഭാരത് ബയോടെക്നോളജീസിന്റെ പ്രവര്‍ത്തനോദ്ഘാടനം മിസ്സോറാമിലെ ഔദ്യോഗിക വസതിയില്‍ നടത്തിയതായാണ് ആറന്മുള സ്വദേശി പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നത്. അതേ സമയം കുമ്മനം രാജശേഖരനെതിരേ സർക്കാർ കള്ളക്കേസെടുത്തെന്ന് ആരോപിച്ച് ബിജെപി ഇന്ന് കരിദിനം ആചരിക്കും.